Site iconSite icon Janayugom Online

കേരളത്തിന്റെ ഇ‑കാറിന് അന്താരാഷ്ട്ര പുരസ്‌കാരം

e care car

തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക്ക് കാറിന് അ­ന്താരാഷ്ട്ര പുരസ്‌കാരം.
ഇന്തോനേഷ്യയിൽ നടന്ന ഷെൽ ഇക്കോ മാരത്തണിൽ ഊർജോപയോഗം പരമാവധി ഫലപ്രദമാക്കുന്നതിനുള്ള പു­തിയ ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നവരുടെ രാജ്യാന്തര മത്സരത്തിലാണ് കേരളത്തിന്റെ നേ­ട്ടം. മികച്ച സുരക്ഷയ്ക്കുള്ള ഡു­പോണ്ട് രാജ്യാന്തര പുരസ്കാരവും നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചതിനുള്ള പ്രത്യേക പരാമർശവും ബാർട്ടൺ ഹിൽ കോളജിലെ വിദ്യാർത്ഥികൾ സ്വന്തമാക്കി. ഉന്നതവിദ്യാഭ്യാ­സ മന്ത്രി ഡോ. ആർ ബിന്ദുവാണ് സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളിൽ നിന്ന് ഈ കണ്ടുപിടിത്തത്തിന് ആവശ്യമായ ഫണ്ടും ഗ്രാന്റും അനുവദിച്ചു നൽകിയത്.
ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എന്‍ജിനീയറിങ് വിഭാഗത്തിലെ 19 വിദ്യാർത്ഥികളുടെ കൂട്ടായ്മയായ പ്രവേഗയാണ് ‘വണ്ടി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് കാർ നിർമ്മിച്ചത്. ടെക്‌നോപാർക്ക്‌ ആസ്ഥാനമായ ആക്സിയ ടെക്‌നോളജീസിന്റെ മേൽനോട്ടത്തിലും മാർഗനിർദ്ദേശത്തിലുമായിരുന്നു കാറിന്റെ നിര്‍മ്മാണം. കടുപ്പമേറിയ പരീക്ഷകളും അഭിമുഖങ്ങളും താണ്ടി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മറ്റ് വിദ്യാർത്ഥിസംഘങ്ങളെ പിന്തള്ളിയാണ് ‘ടീം പ്രവേഗ’ അംഗീകാരം നേടിയത്.
പത്ത് മാസത്തോളം നീണ്ട പ്രയത്നത്തിലൂടെയാണ് 19 പേർ ചേർന്ന് ‘വണ്ടി’ എന്ന ഇലക്ട്രിക് കാറിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തത്. 80 കിലോഗ്രാം ഭാരമുള്ള ഈ വാഹനത്തിന് മണിക്കൂറിൽ 27 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുണ്ട്.
കല്യാണി എസ് കുമാർ (ലീഡർ), ജി എസ് അമൽ കൃഷ്ണൻ, ഹിതിൻ കൃഷ്ണ, അഖിൽ നിഷാദ്, ജോഷ്വിൻ ടി രാജൻ, പ്രണവ് ബിനുലാൽ, പ്രഹ്ളാദ് വിവേക്, സൂരജ് എസ് ജെ, എ അർജുൻ, ഗൗതം സായി കൃഷ്ണ, ആരോൺ ക്ലാരൺസ്, ആമി സീസർ, നിയുക്ത ആർ കൃഷ്ണ, അനന്തു എ എന്നിവരാണ് ടീം പ്രവേഗയിലെ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍.

Eng­lish Sum­ma­ry: Inter­na­tion­al award for Ker­ala’s e‑car

You may like this video also

Exit mobile version