ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കാലടി മുഖ്യ ക്യാമ്പസിൽ നിർമ്മിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ഉയരുന്നത് വ്യാജ വാർത്തകളെന്ന് വൈസ് ചാൻസലർ. കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്റ്റേഡിയത്തിന്റെ യൂസിംഗ് റൈറ്റ് മാത്രമായിരിക്കും കെസിഎയ്ക്ക് ലഭിക്കുക. തുടർ ചര്‍ച്ചകൾക്കും വ്യവസ്ഥകൾക്കും വിധേയമായി മുന്നോട്ടു പോകാനായിരുന്നു സിൻഡിക്കേറ്റിന്റെ തീരുമാനം.
പദ്ധതിയെ അട്ടിമറിക്കുന്നതിനും സർവ്വകലാശാലയുടെ അക്കാദമിക മേഖലയെ അപകീർത്തിപ്പെടുത്തുന്നതിനുമായി സേവ് യൂണിവേഴ്സിറ്റി കാംപയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന വ്യാജ പ്രചരണങ്ങൾ ദുരുദ്ദേശപരമാണ്. വൈസ് ചാൻസലറെയും അഡ്വ.കെ എസ് അരുൺകുമാർ ഉൾപ്പെടെയുള്ള സിൻഡിക്കേറ്റ് അംഗങ്ങളെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സർവ്വകലാശാല നിയമനടപടികൾ സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ.കെ കെ ഗീതാകുമാരി അറിയിച്ചു.

