Site iconSite icon Janayugom Online

അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖല തകര്‍ത്തു; 22 പേര്‍ അറസ്റ്റില്‍, വിപണനം ഡാര്‍ക്ക്‌നെറ്റില്‍; വിനിമയം ക്രിപ്റ്റോ ഇടപാടുകള്‍ വഴി

അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖല തകര്‍ത്ത് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). മയക്കുമരുന്ന് സംഘത്തിലെ 22 പേരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തു.

നാലുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് എന്‍സിബി മയക്കു മരുന്ന് ശൃംഖല തകര്‍ത്തത്. ഡാര്‍ക്ക് നെറ്റിലൂടെയാണ് മയക്കുമരുന്ന് വ്യാപാരം നടന്നിരുന്നത്. പ്രതികളില്‍ ചിലര്‍ക്ക് യുഎസ്‌, യുകെ, നെതര്‍ലാന്‍ഡ്സ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലും ബന്ധമുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, അസം, ഡല്‍ഹി, പഞ്ചാബ്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒരേ സമയം നടത്തിയ റെയ്ഡുകള്‍ക്കു ശേഷമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

പ്രതികള്‍ എല്ലാവരും 23 നും 35 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, സാമ്പത്തിക ഉപദേഷ്ടാക്കള്‍, കലാകാരന്മാര്‍, സംഗീതജ്ഞര്‍ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കേസില്‍ തെളിവ് നശിപ്പിക്കുന്നതിന് പ്രതികളെ സഹായിച്ച കുറ്റത്തിന് ഒരു എന്‍സിബി ഉദ്യോഗസ്ഥനെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

നാലുമാസം മുമ്പ് കൊല്‍ക്കത്ത സോണല്‍ യൂണിറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ഡല്‍ഹി യൂണിറ്റിന് കൈമാറുകയും ചെയ്ത കേസിനോടനുബന്ധിച്ചായിരുന്നു എന്‍സിബിയുടെ നീക്കം.

ദ ഓറിയന്റ് എക്സ്പ്രസ്, ഡിഎന്‍എം ഇന്ത്യ, ഡ്രെഡ് തുടങ്ങിയ പേരുകളിലാണ് മയക്കുമരുന്ന് സംഘങ്ങള്‍ ഡാര്‍ക്ക് നെറ്റില്‍ അറിയപ്പെട്ടിരുന്നത്. കൊറിയര്‍ സര്‍വീസ് വഴിയാണ് സംഘം മയക്കുമരുന്ന് വിതരണം നടത്തിയിരുന്നത്.

ക്രിപ്റ്റോ കറന്‍സി വഴിയാണ് കൂടുതല്‍ ഇടപാടുകളും നടന്നത്. ക്രിപ്റ്റോ വഴി രണ്ടുകോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ട്. 15.55 ലക്ഷം രൂപയും ഏജന്‍സി കണ്ടെടുത്തു. നാലുമാസത്തിനിടെ എന്‍സിബി ഡിഡിജി ഗ്യാനേശ്വറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡുകളില്‍ എല്‍എസ്ഡി, എംഡിഎംഎ, കഞ്ചാവ്, ചരസ്, കഞ്ചാവ് പേസ്റ്റ്, അൽപ്രസോലം, സ്പാസ്മോപ്രോക്സിവോൺ, ഹാഷിഷ് ചോക്ലേറ്റ്, കൊക്കെയ്ൻ എന്നിവയുടെ വന്‍ ശേഖരം പിടികൂടിയിരുന്നു.

Eng­lish Sum­ma­ry: Inter­na­tion­al drug net­work breaks down; 22 arrested

You may like this video also

Exit mobile version