Site iconSite icon Janayugom Online

അന്താരാഷ്ട്ര നിക്ഷേപക സംഗമം: യുഎഇ പ്രത്യേക സംഘത്തെ അയയ്ക്കും

കേരളം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമ (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്) ത്തിൽ പങ്കെടുക്കുന്നതിന് യുഎഇ പ്രത്യേക സംഘത്തെ അയയ്ക്കും. സംഗമത്തിൽ പങ്കെടുക്കാനുള്ള സംസ്ഥാനത്തിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ടാണിത്. യുഎഇ ക്യാബിനറ്റ് മിനിസ്റ്റർ ഓഫ് ഇൻവെസ്റ്റ്മെന്റ് മുഹമ്മദ് ഹസൻ അൽ സുവൈദി സംസ്ഥാന വ്യവസായ മന്ത്രി പി രാജീവുമായി അബുദാബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും വ്യവസായ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നിക്ഷേപക സംഗമത്തിന്റെ ഭാഗമായുള്ള ഇൻവെസ്റ്റർ മീറ്റിനും റോഡ് ഷോയ്ക്കും ദുബായിൽ തുടക്കമായി. 

കേരളത്തിൽ ലോജിസ്റ്റിക്സ്, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപത്തിന് താല്പര്യമുള്ളതായി മുഹമ്മദ് ഹസൻ അൽ സുവൈദി പറഞ്ഞു. ഐകെജിഎസിൽ പങ്കെടുക്കുന്ന പ്രത്യേക സംഘം ഇക്കാര്യങ്ങൾ വിലയിരുത്തും. അബുദാബി ചേംബർ ഓഫ് കോമേഴ്സും നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയയ്ക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവിനെ അറിയിച്ചു. ഐകെജിഎസിന് മുൻപായി പ്രാഥമിക പരിശോധനകൾക്കായി ചേംബറിന്റെ ഉദ്യോഗസ്ഥ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കും. ലഭ്യമായ സ്ഥലങ്ങൾ പരിശോധിക്കുന്നതിനും നിക്ഷേപ മേഖലകൾ വിലയിരുത്തുന്നതിനുമാണ് സംഘത്തെ അയയ്ക്കുന്നത്. 

ചേംബർ ഓഫ് കോമേഴ്സ് ചെയർമാനും ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് തലവനുമായ അഹമ്മദ് ജാസിം, ഫസ്റ്റ് വൈസ് ചെയർമാൻ ഡോ. സഈദ് ബിൻ ഹർമാൽ അൽ ദഹേരി, സെക്കന്റ് വൈസ് ചെയർമാൻ ഡോ. ഷാമിസ് അലി ഖൽഫാൻ അൽ ദഹേരി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. രണ്ടു ദിവസത്തെ ദുബായ് ഇൻവെസ്റ്റർ മീറ്റിലും റോഡ് ഷോയിലുമായി പ്രധാന വ്യവസായികൾ, വാണിജ്യ സംഘടനകൾ എന്നിവരുമായി കൂടിക്കാഴ്ചയും ചർച്ചകളും നടക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എ മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, ഒഎസ്ഡി ആനി ജൂല തോമസ് തുടങ്ങിയവരും പങ്കെടുത്തു. 

Exit mobile version