കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനത്തിലൂടെ ആഗോള സമ്പദ് രംഗത്തുണ്ടായ നഷ്ടം 40,300 കോടി. കഴിഞ്ഞ വർഷത്തെ ഇന്റർനെറ്റ് നിരോധനത്തിന്റെ കണക്കെടുത്താൽ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ്. 2021ൽ രാജ്യത്ത് മൊത്തം 1,157 മണിക്കൂർ ഇന്റർനെറ്റ് നിരോധനം ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് കാരണം രാജ്യത്ത് ഏകദേശം 4,300 കോടി രൂപ നഷ്ടമാണ് നേരിട്ടത്.
വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ഫോക്കസ്ഡ് വെബ്‌സൈറ്റായ ടോപ്‌ടെണ്‍വിപിഎന്നിന്റെ റിപ്പോർട്ട് പ്രകാരം 2021ൽ ആഗോള ഇന്റർനെറ്റ് നിരോധനം 486.2 ദശലക്ഷം പേരെ ബാധിച്ചു. വർഷം തോറുമുള്ള ഇന്റർനെറ്റ് നിരോധന ആഘാതത്തിന്റെ 80 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. 21 രാജ്യങ്ങളിലായി 50 പ്രധാന ഇന്റർനെറ്റ് നിരോധനങ്ങളാണ് സംഭവിച്ചത്. ഇതിൽ 75 ശതമാനവും മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.
ഇന്റർനെറ്റ് നിരോധനത്തിൽ മ്യാന്മറാണ് മുന്നിൽ. ഇവിടെ 12,238 മണിക്കൂറാണ് ഇന്റർനെറ്റ് നിരോധിച്ചത്, ഇതുവഴി ഏകദേശം 20,700 കോടി രൂപ നഷ്ടമാണ് നേരിട്ടത്. നൈജീരിയയ്ക്കാണ് രണ്ടാം സ്ഥാനം. ഡിജിറ്റൽ ഇന്ത്യയെന്ന് അവകാശപ്പെടുമ്പോഴും മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയില്‍ 317.5 മണിക്കൂർ പൂർണമായി ഇന്റർനെറ്റ് നിരോധനം ഏര്‍പ്പെടുത്തി. 840 മണിക്കൂർ നേരം അനുഭവപ്പെട്ട ബാൻഡ്‌വിഡ്ത്ത് ത്രോട്ടിലിങ് പ്രശ്നങ്ങളും ഇതില്‍ ഉൾപ്പെടുന്നു. അതായത് ആ സമയങ്ങളിൽ 2ജി സേവനങ്ങൾ മാത്രമാണ് നൽകിയിരുന്നത്.
കശ്മീരിൽ 18 മാസത്തോളം 2ജി മാത്രമാണ് നൽകിയിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് കണക്റ്റിവിറ്റി പുനഃസ്ഥാപിച്ചത്.
English Summary: Internet ban; Global losses were Rs 40,300 crore, with India in third place
You may like this video also