മണിപ്പൂര്‍ വിഷയം നാടറിയാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചെയ്തത് പതിവുപോലെ ഇന്റര്‍നെറ്റ് നിരോധനമായിരുന്നു. മനുഷ്യാവകാശങ്ങള്‍ക്കുമേലുള്ള ലംഘനവും അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളും ആഗോളചര്‍ച്ചയാവുന്നതിന്റെ നാണക്കേട് ഒഴിവാക്കുക എന്ന ഗൂഢലക്ഷ്യം മാത്രമായിരുന്നു കേന്ദ്ര സര്‍ക്കാരിന് ഇതിനു പിന്നിലുമുണ്ടായിരുന്നത്. മണിപ്പൂരിലെ ജനങ്ങള്‍ തമ്മിലേറ്റുമുട്ടിയിട്ടും തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് വര്‍ഗീയ കലാപമുണ്ടാക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍.
മണിപ്പൂര്‍ മാത്രമല്ല, മറ്റേതുവിഷയത്തിലും കേന്ദ്ര സര്‍ക്കാര്‍ പ്രശ്നപരിഹാരം കാണുന്നതിന് പകരമായി ചെയ്യുക ഇന്റര്‍നെറ്റ് നിരോധനമാണ്. ഒരുപക്ഷെ ഇന്റര്‍നെറ്റിലൂടെ വിവരങ്ങളും വീഡിയോയും സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇത് മണിപ്പൂരിനുള്ളില്‍ തന്നെ ഒതുങ്ങിപ്പോകുകയും ഒരു നാട് ആരോരുമറിയാതെ വെന്തെരിഞ്ഞില്ലാതാകുകയും ചെയ്യുമായിരുന്നു.
മെയ്തികള്‍ക്കനുകൂലമായി വന്ന ഹൈക്കോടതി വിധിക്കെതിരെ മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെടുമെന്ന് സംസ്ഥാന- കേന്ദ്ര ഭരണകൂടത്തിന് അറിയാമായിരുന്നു. അത്തരം സാഹചര്യത്തില്‍ കലാപം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു അധികൃതര്‍ ചെയ്യേണ്ടിയിരുന്നത്. അതേസമയം ഇന്റര്‍നെറ്റ് റദ്ദാക്കുക എന്ന നടപടിയിലേക്ക് സര്‍ക്കാര്‍ കടന്നത് രാജ്യത്ത് മുമ്പ് നടന്ന മറ്റുചില വിഷയങ്ങളെ ഓര്‍മ്മിക്കുക കൂടിയാണ്.
ഇന്ത്യയിലെ ഇന്റര്‍നെറ്റ് റദ്ദാക്കല്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ച
രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെടുകയും ആളുകള്‍ തമ്മിലേറ്റുമുട്ടി മരിക്കുകയും ചെയ്യുന്ന പല സാഹചര്യങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് നിരോധനത്തിന് ഇന്ത്യന്‍ ജനത സാക്ഷ്യംവഹിച്ചതാണ്. കലാപം ആളിപ്പടരാതിരിക്കാന്‍ അതൊരു ഭരണകൂട തന്ത്രമാണെങ്കിലും ഇന്ത്യയിലേത് തികച്ചും വ്യത്യസ്തമാണ്.
ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ നാളുകളില്‍, ഡല്‍ഹി കലാപത്തിന്റെ നാളുകളില്‍, കര്‍ഷക സമരമുണ്ടായ നാളുകളിലെല്ലാം ഇത്തരം ഇന്റര്‍നെറ്റ് നിരോധനം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നതാണ്. തുടര്‍ന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ നാള്‍ ഇന്റ ര്‍നെറ്റ് റദ്ദാക്കിയ രാജ്യം ഇന്ത്യയായതും വാര്‍ത്തകളില്‍ ഇടംപിടിച്ചു. കലാപം രൂക്ഷമാകാതിരിക്കാനാണ് ഇത്തരം നിരോധനം ഏര്‍പ്പെടുത്തുന്നതെന്നാണ് ഇപ്പോഴും കേന്ദ്രത്തിന്റെ വാദം.
മണിപ്പൂരിലെ ഇന്റര്‍നെറ്റ് റദ്ദാക്കലിലെ ഗൂഢാലോചന
മെയ് മൂന്നിനാണ് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. പിറ്റേന്ന് മുതലാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരും സംഘ്പരിവാറും പിന്തുണയ്ക്കുന്ന മെയ്തികള്‍ സ്ത്രീകള്‍ക്കുനേരെ അതിപൈശാചികമായ അതിക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ക്രൂരമായി ബലാത്സംഗം ചെയ്യുകയും നഗ്നരാക്കി നടത്തിക്കുകയും ചുട്ടുകൊല്ലുകയും ചെയ്തു. പ്രതിരോധിക്കാനും പ്രതിഷേധിക്കാനും മുതിര്‍ന്നവരെ കൂട്ടംചേര്‍ന്ന് ആക്രമിച്ചു. ഇതോടെ പലയിടത്തും ശക്തമായ സംഘര്‍ഷങ്ങളുണ്ടായി. മരിച്ചുവീണവരുടെ കൃത്യമായ എണ്ണം ഇപ്പോഴും സര്‍ക്കാര്‍ മൂടിവയ്ക്കുകയാണ്. ഭാഗികമായി ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചുതുടങ്ങിയതുമുതല്‍ ആണ് മണിപ്പൂര്‍ ഗ്രാമങ്ങളില്‍ നിന്ന് ലോകത്തെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും വസ്തുതകളും പുറംലോകം അറിയാന്‍ തുടങ്ങിയത്.
ഇന്റർനെറ്റ് സേവനം മണിപ്പൂർ സർക്കാർ ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്. ഒരു സ്റ്റാറ്റിക് ഐപി കണക്‌ഷനുള്ളവർക്ക് പരിമിതമായ രീതിയിൽ ഇന്റർനെറ്റ് ആക്‌സസ് ചെയ്യാനാകും. ബ്രോഡ്ബാൻഡ് സേവനവും അനുവദിച്ചാണ് സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്. അതേസമയം, മൊബൈൽ ഇന്റർനെറ്റ്, സമൂഹമാധ്യമ നിരോധനം എന്നിവയും തുടരുമെന്നും പറയുന്നു. വൈഫൈ ഹോട്ട്‌സ്‌പോട്ടും അനുവദനീയമല്ല.
ബാങ്കിങ്, ഗതാഗതം ഉൾപ്പെടെയുള്ള സേവനങ്ങളെ തടസപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനത്തിൽ മണിപ്പൂർ സർക്കാർ കടുത്ത വിമർശനത്തിന് വിധേയമായി. എന്നാൽ, അക്രമത്തിനു പ്രേരിപ്പിക്കുന്ന കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് തടയാൻ ഇന്റർനെറ്റ് നിരോധനം അനിവാര്യമാണെന്നായിരുന്നു അപ്പോഴും സർക്കാർ വാദം.
ഇറോം ശര്‍മ്മിള പറഞ്ഞത്
വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ മണിപ്പൂരില്‍ ഇങ്ങനെയൊന്നുമുണ്ടാകില്ലായിരുന്നു എന്ന് മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയും പ്രതികരിച്ചിരുന്നു. ഒപ്പം ഇന്റര്‍നെറ്റ് വിശ്ചേദിക്കപ്പെട്ടില്ലായിരുന്നെങ്കിലും എന്നും കൂട്ടിചേര്‍ത്തിരുന്നു. ‘ഇന്റര്‍നെറ്റ് നിരോധിക്കുന്നത് അക്രമങ്ങള്‍ തടയാന്‍ പര്യാപ്തമല്ല. സംഭവം നടക്കുമ്പോള്‍ ഇന്റര്‍നെറ്റ് നിരോധനം ഇല്ലായിരുന്നുവെങ്കില്‍ ഇരകള്‍ക്ക് നേരത്തേ നീതി ലഭിക്കുമായിരുന്നു, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമായിരുന്നു. പിടിയിലായവര്‍ക്ക് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന ആവശ്യവും ഉന്നയിച്ച് ഇറോം ശര്‍മിള പറഞ്ഞു.
ആദിവാസി സ്ത്രീകളെ വിവസ്ത്രരാക്കി റോഡിലൂടെ നടത്തിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയും പച്ചയ്ക്ക് തീക്കൊളുത്തിക്കൊന്നും ക്രൂരത കാട്ടിയ സംഭവം ‘മനുഷ്യത്വരഹിതം’ എന്ന് അവര്‍ വിശേഷിപ്പിച്ചു. തന്റെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉടന്‍ ഇടപെടണം. ശര്‍മിള ആവശ്യപ്പെടുകയാണ്. മാത്രമല്ല, സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് തന്റെ പരാജയം സമ്മതിച്ച് മണിപ്പൂര്‍ നിവാസികളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നു.
ഇറോം ശര്‍മിള പറഞ്ഞതിന്റെ പൊരുള്‍ മോഡി-ബിരേന്‍ സര്‍ക്കാരുകളുടെ നിലപാടുകളിലെ നിഗൂഢതകള്‍ തന്നെയാണ്. കലാപം ലക്ഷ്യംവച്ച് നേരത്തെയും പയറ്റിയ അതേ ഇന്റര്‍നെറ്റ് ഇരുട്ടടി, മണിപ്പൂര്‍ ജനതയ്ക്കമേലും ഭരണകൂടം പയറ്റി. ഇന്റര്‍നെറ്റ് നിരോധിച്ചുകൊണ്ടുള്ള നീക്കത്തിന് പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും സംസ്ഥാന ബിജെപി സര്‍ക്കാരിന്റെയും ഒത്താശയില്ലെന്ന് പറയാന്‍ യാതൊരു തെളിവുകളുമില്ല.
English Sammury: Conspiracy in internet cancellation in Manipur