സംസ്ഥാനത്ത് ആദിവാസികള്‍ അധിവസിക്കുന്ന വനമേഖലയിലെ കുഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഈ വര്‍ഷം നിര്‍ണായക ചുവടുവയ്പ്. വിദൂര വനമേഖലയിലുള്ള 214 ആദിവാസി ഗ്രാമങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ള ഊര്‍ജിത നടപടികളിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍.
ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഇടപെടലുകളിലൂടെ സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിരുന്നു. 437 വിദൂര ആദിവാസി മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകുന്നതിന് ലക്ഷ്യമിട്ടായിരുന്നു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും ഭരണപരമായ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തുകൊണ്ടായിരുന്നു സര്‍ക്കാര്‍ പ്രാധാന്യത്തോടെ വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍, ആവശ്യമായ പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടും, ലക്ഷ്യമിട്ട ഗ്രാമങ്ങളില്‍ 214 എണ്ണത്തില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര പുരോഗതിയുണ്ടായില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ 4ജി സാച്ചുറേഷന്‍ പദ്ധതിയുമായി സഹകരിച്ചാണ് ഈ വര്‍ഷം 214 ആദിവാസി ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പദ്ധതിയുടെ ഭാഗമായി ടവര്‍ സ്ഥാപിക്കുന്നതിനായി ബിഎസ്എന്‍എല്‍ സര്‍വേ നടത്തുകയും 107 സ്ഥലങ്ങള്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
മൊബൈൽ ടവറുകൾക്കായി സ്ഥലം അനുവദിക്കാനുള്ള നടപടികളും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കലും മറ്റ് ഭരണപരമായ നടപടികളുമുള്‍പ്പെടെ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്. വനമേഖലയിലെ സ്ഥലങ്ങള്‍ കൈമാറുന്നതിനോ പാട്ടത്തിന് നല്‍കുന്നതിനോ ഉള്ള നടപടികളില്‍ കാലതാമസമുണ്ടാകരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനായി കണ്ടെത്തിയ ഓരോ സ്ഥലത്തും 2000 ചതുരശ്ര അടി വീതം അനുവദിക്കണമെന്നാണ് ബിഎസ്എന്‍എല്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.
ടവര്‍ സ്ഥാപിക്കാന്‍ കണ്ടെത്തിയിരിക്കുന്ന സ്ഥലങ്ങളെല്ലാം വിദൂര കുഗ്രാമങ്ങളാണെന്നതിനാല്‍, ഈ മേഖലയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകുന്നത് ആദിവാസി മേഖലയ്ക്ക് വലിയ നേട്ടമുണ്ടാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇത്തരത്തിലുള്ള കൂടുതല്‍ ലൊക്കേഷനുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിഎസ്എന്‍എല്‍.
ഈ പ്രദേശങ്ങളിലെല്ലാം സര്‍ക്കാര്‍ വകുപ്പുകളുടെയോ, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ, തദ്ദേശ സ്ഥാപനങ്ങളുടെയോ അധീനതയിലുള്ള ഭൂമിയില്‍ പരമാവധി അഞ്ച് സെന്റ് വരെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. സെന്റിന് 5000 രൂപ കണക്കാക്കി 30 വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിന് നല്‍കുക.
വനഭൂമിയില്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനും വനത്തിനുള്ളില്‍ കേബിളുകള്‍ വലിക്കുന്നതിനുമുള്ള അപേക്ഷയില്‍ മൂന്ന് ദിവസത്തിനകം തീര്‍പ്പുണ്ടാക്കാന്‍ വനം-വന്യജീവി വകുപ്പിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
English Summary: Internet in 214 tribal villages this year
You may also like this video