Site iconSite icon Janayugom Online

നൂഹില്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചു

nuhnuh

വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ട ഹരിയാനയിലെ നുഹിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. ജൂലൈ 31 ന് രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്നുണ്ടായ കലാപങ്ങളില്‍ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സാഹചര്യം കണക്കിലെടുത്ത് നുഹിൽ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ്, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചത്.

വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച മതഘോഷയാത്ര തടയാനുള്ള ശ്രമത്തെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. ഗുരുഗ്രാം, പൽവാൾ, ഫരീദാബാദ്, ഹരിയാനയിലെ മറ്റ് ജില്ലകളിലേക്ക് വ്യാപിച്ച അക്രമത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു മസ്ജിദ് പുരോഹിതനുമടക്കം ആറ് പേർ കൊല്ലപ്പെട്ടു.

നിരവധി വാഹനങ്ങളും ഭക്ഷണശാലകളും കടകളും അക്രമാസക്തരായ ജനക്കൂട്ടം തീയിട്ടു. ഗോസംരക്ഷകൻ മോനു മനേസർ നുഹിൽ നടക്കുന്ന മതപരമായ ഘോഷയാത്രയിൽ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളാണ് ജില്ലയിൽ വർഗീയ സംഘർഷത്തിന് കാരണമായത്. ഏറ്റുമുട്ടലിൽ മനേസറിന്റെ പങ്ക് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

അക്രമവുമായി ബന്ധപ്പെട്ട് 390ലധികം പേരെ അറസ്റ്റ് ചെയ്യുകയും 118 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട സ്കൂളുകളും കോളജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കഴിഞ്ഞയാഴ്ച നൂഹിൽ വീണ്ടും തുറന്നു. ഹരിയാന സ്റ്റേറ്റ് ട്രാൻസ്‌പോർട്ടിന്റെ ബസ് സർവീസുകളും പൂർണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്.

പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവച്ച 100 ലധികം പേര്‍ക്കെതിരെ പൊലീസ് എഫ്‌ഐ‌ആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. അക്രമത്തിനിടയിൽ പ്രകോപനപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്ത ചില അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: Inter­net restored in Nuh

You may also like this video

Exit mobile version