Site icon Janayugom Online

മോന്‍സന്റെ തട്ടിപ്പിന് അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍; കേസ് സിബിഐ അന്വേഷിക്കണം: വി എം സുധീരന്‍

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിന് അന്തര്‍ സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മോന്‍സനുമായി പൊലീസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള ബന്ധം പുറത്തുവന്നിരിക്കുകയാണ്. കേരള പൊലീസിലെ ഉന്നതരായ ആളുകള്‍ക്കെതിരെ താഴെ തട്ടിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. സത്യംപുറത്തു വരാന്‍ പോകുന്നില്ല. ഭൂലോക തട്ടിപ്പുകാരനായ മോന്‍സനെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ ഇപ്പോഴത്തെ അന്വേഷണത്തിന് സാധിക്കുമെന്ന് കരുതുന്നില്ല.  കേരളത്തെ സംബന്ധിച്ചിടത്തോളം അസാധാരണമായ മഹാ തട്ടിപ്പാണ് നടന്നിട്ടുള്ളത്. ഇതില്‍ സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷണം വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പ് പരാജയപ്പെട്ടു, ഇന്റലിജന്‍സ് വിഭാഗം എന്തിനെന്നും സുധീരന്‍ ചോദിച്ചു. ആരുടെയെങ്കിലും ചിത്രം വന്നെന്ന് പറഞ്ഞ് അവര്‍ കുറ്റക്കാരാവുന്നില്ല. കെ സുധാകരന്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുണ്ട്. വിഷയം രാഷ്ട്രീയ വിവാദമാക്കരുതെന്നും സുധാകരനെക്കുറിച്ചുള്ള ചോദ്യങ്ങളോട് സുധീരന്‍ പ്രതികരിച്ചു.  സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകാന്‍ ഇനി താനില്ല. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്. ഇനിയും ഒരു സ്ഥാനവും ആഗ്രഹിക്കുന്നില്ല. ഒരു സാധാരണ കോണ്‍ഗ്രസുകാരനായി തുടരുക. കോണ്‍ഗ്രസായി പ്രവര്‍ത്തിക്കുക, മരിക്കുക അതാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിലെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഹൈക്കമാന്‍ഡ് ഉചിതമായ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

 

Eng­lish Sum­ma­ry: Inter­state links to Mon­son’s fraud; CBI should probe case: VM Sudheeran

 

You may like this video also

Exit mobile version