Site iconSite icon Janayugom Online

ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഇടപെടൽ: ഡിസബിലിറ്റി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ ഇനി മുതൽ ഇംഹാൻസ്, സിആർ സി മുഖേനയും

disableddisabled

ഇംഹാൻസ്, സിആർസി തുടങ്ങിയ സ്ഥാപനങ്ങളെയും ഭിന്നശേഷി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവിറങ്ങി.

ഇൻക്ലൂസീവ് പാരന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായ അനിൽകുമാർ, സി പി കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മുമ്പാകെ സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനമുണ്ടായത്. നിലവിൽ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിൽ ഗവ. മെഡിക്കൽ കോളേജുകളും ഹെൽത്ത് സർവീസസിന് കീഴിൽ ജില്ലാ ആശുപത്രികളും തെരഞ്ഞെടുത്ത താലൂക്ക് ആശുപത്രികളും മാത്രമാണ് ഭിന്നശേഷി സർട്ടിഫിക്കറ്റിനായി ബോർഡ് കൂടി സർട്ടിഫിക്കറ്റ് നൽകി വരുന്നത്. കൂടാതെ സാമൂഹ്യ നീതി വകുപ്പിനു കീഴിൽ സോഷ്യൽ സെക്യൂരിറ്റി മിഷനും ഈ സർട്ടിഫിക്കറ്റുകൾ നൽകി വരുന്നുണ്ട്. എന്നാൽ ആവശ്യക്കാർക്കെല്ലാം സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിന് മേൽ സ്ഥാപനങ്ങളുടെ സേവനം കൊണ്ട്മാത്രം സാധിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കീഴിൽ ഭിന്നശേഷി പുനരധിവാസ മേഖലയിൽ, ഭിന്നശേഷി വ്യക്തികൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഇംഹാൻസ്, സിആർസി എന്നീ സ്ഥാപനങ്ങളെ കൂടി, ഡിസബിലിറ്റി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ചുമതലപ്പെടുത്തണമെന്ന ആവശ്യവുമായി പരാതിക്കാരൻ ജില്ലാ നിയമ സേവന അതോറിറ്റിയെ സമീപിച്ചത്.

ഇതിനെ തുടർന്ന് ഡിഎൽഎസ്എ സെക്രട്ടറി (സബ് ‑ജഡ്ജ്) ഷൈജൽ എം പിയുടെ നേതൃത്വത്തിൽ നടത്തിയ അദാലത്തിലാണ് ഭിന്നശേഷി വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും ആശ്വാസദായകമായ ഈ ഉത്തരവിറങ്ങിയത്. ഡിഎൽഎസ്എ സെക്രട്ടറിക്ക് പുറമേ ഹെൽത്ത് സർവീസസ് അഡീഷണൽ ഡയറക്ടർ ഡോ: ഷിനു കെ എഎസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോക്ടർ റംല ബീവി, സിആർസി ഡയറക്ടർ ഡോ. റോഷൻ ബിജ്ലി, ഇംഹാൻസ് ഡയറക്ടർ ഡോ. കൃഷ്ണകുമാർ എന്നിവരും സന്നിഹിതരായിരുന്നു.

സി ആർ സി, ഇംഹാൻസ് എന്നിവിടങ്ങളിലേക്ക് ആവശ്യാനുസൃതം നിർദ്ദിഷ്ട യോഗ്യതയുള്ളവരുടെ സേവനം നൽകുന്നതിന് തയ്യാറാണ് എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വരുംവർഷങ്ങളിൽ ജില്ലയിലുടനീളമുള്ള പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ഈ ഉത്തരവിന്റെ ഗുണഫലം അനുഭവിക്കാൻ കഴിയുമെന്ന് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി ഷൈജൽ എം പി അറിയിച്ചു.

Eng­lish Sum­ma­ry: Inter­ven­tion of the Dis­trict Legal Ser­vices Author­i­ty: Dis­abil­i­ty Med­ical Board Cer­tifi­cates from now on by Imhans and CRC

You may like this video also

Exit mobile version