Site icon Janayugom Online

ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം: സെൻസർ ബോർഡ് രൂപികരിച്ച് ഹിന്ദു സന്യാസിമാർ

സനാതന ധർമത്തെയും ഹിന്ദു ദൈവങ്ങളെയും സിനിമകളിൽ അപമാനിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൽ സെൻസർ ബോർഡ് രൂപികരിച്ച് ഹിന്ദു സന്യാസിമാർ. ‘ധർമ്മ സെൻസർ ബോർഡ്’ എന്നാണ് പേര്. സർക്കാരിനെയും സെൻസർ ബോർഡിനെയും സഹായിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് അവകാശവാദം.

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന മാഘി മേളയിൽ സന്യാസിമാരും വിവിധ മേഖലകളിൽ നിന്നുള്ളവരും അടങ്ങിയ പത്തംഗ ‘സെൻസർ ബോർഡിനാണ് രൂപം നൽകിയത്. അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് ‘ധർമ്മ സെൻസർ ബോർഡിന്റെ ചെയർമാൻ. മുതിർന്ന മാധ്യമപ്രവർത്തകൻ സുരേഷ് മച്ചാന്ദ, സുപ്രീംകോടതി അഭിഭാഷകൻ പി എം മിശ്ര, സ്വാമി ചക്രപാണി മഹാരാജ്, സിനിമ നടി മാനസി പാണ്ഡെ, യു.പി ഫിലിം ഡെവലപ്മെന്റ് ബോർഡ് വൈസ് പ്രസിഡന്റ് തരുൺ രതി, ക്യാപ്റ്റൻ അരവിന്ദ് സിങ് ബദുവാരിയ, സനാതന ധർമ വിദഗ്ധരായ പ്രീതി ശുക്ല, ഗാർഗി പണ്ഡിറ്റ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ധരംവീർ എന്നിവരാണ് ധർമ്മ സെൻസർ ബോർഡിലെ മറ്റ് 9 അംഗങ്ങൾ. ഈ പത്തംഗ സമിതി ചിത്രങ്ങൾ കണ്ട ശേഷമാണ് തീരുമാനങ്ങൾ സ്വീകരിക്കുന്നത്.

ഹിന്ദുവിരുദ്ധവും വിശ്വാസത്തെ വൃണപ്പെടുത്തുന്നതുമായ സിനിമകൾ പുറത്തിറങ്ങിയാൽ അവ കാണരുതെന്ന് ഹിന്ദു സമൂഹത്തോട് ആഹ്വാനം ചെയ്യും. ആവശ്യമെങ്കിൽ വിവിധ മാർഗങ്ങളിലൂടെയുള്ള മറ്റ് പ്രതിഷേധങ്ങളും നടത്തുമെന്നും അവിമുക്തേശ്വരാനന്ദ് സരസ്വതി അറിയിച്ചു. ഷാരൂഖ് ഖാനും ദീപിക പദുക്കോണും പ്രധാന വേഷങ്ങളിൽ എത്തുന്ന ബോളിവുഡ് ചിത്രം ‘പത്താൻ’ ആവും ധർമ്മ സെൻസർ ബോർഡ് പരിശോധിക്കുന്ന ആദ്യ സിനിമ.

Eng­lish Sum­ma­ry: intro­duces ‘Dhar­ma Cen­sor Board’ to keep a check on ‘anti-reli­gious’ content
You may also like this video

Exit mobile version