അഡാനിക്കെതിരായ ഹിൻഡൻബര്‍ഗിന്റെ ആരോപണങ്ങളില്‍ സെബി അന്വേഷണം പൂര്‍ത്തിയായില്ല. മേയ് രണ്ടിന് അന്വേഷണ കാലാവധി അവസാനിക്കാനിരിക്കെ സെബി കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. നേരത്തെ രണ്ട് മാസത്തെ സമയപരിധിയായിരുന്നു സുപ്രീംകോടതി സെബിക്ക് നൽകിയിരുന്നത്. അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അഡാനിഗ്രൂപ്പിനെതിരെ ഓഹരി വിപണിയിലെ കൃത്രിമത്വവും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ഓഹരികള്‍ തിരിച്ചടി നേരിട്ടിരുന്നു. വരുമാനം പെരുപ്പിച്ചുകാട്ടാനും ഓഹരി വിലയിൽ കൃത്രിമം കാണിക്കാനും അഡാനി ഗ്രൂപ്പ് വിദേശ കടലാസ് സ്ഥാപനങ്ങളെ ഉപയോഗിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടിലെ ആരോപണം. തുടര്‍ന്ന് ചെറുകിട ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് പത്ത് ലക്ഷം കോടിയോളം രൂപ നഷ്ടമായി. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരി വിപണിയിലുണ്ടായ ഇടിവ് തടയാന്‍ സെബി പരാജയപ്പെട്ടെന്നും ആക്ഷേപം ഉയര്‍ന്നു. ഇതോടെയാണ് കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചത്.
ഗൗതം അഡാനിയുടെ സഹോദരന്‍ വിനോദ് അഡാനിക്ക് ബന്ധമുള്ള മൂന്ന് വിദേശ കമ്പനികളുമായി ബന്ധപ്പെട്ട് ചട്ടലംഘനം ഉണ്ടായോ എന്നാണ് സെബി പരിശോധിക്കുന്നത്. മൗറിഷ്യസ് ആസ്ഥാനമായുള്ള ക്രുനാല്‍ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, ഗാര്‍ഡേനിയ ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, ദുബായ് ആസ്ഥാനമായുള്ള ഇലക്ട്രോജന്‍ ഇന്‍ഫ്രാ എന്നിവയുമായുള്ള ഇടപാടുകളില്‍ റിലേറ്റഡ് പാര്‍ട്ടി ഇടപാട് ചട്ടങ്ങളുടെ ലംഘനം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളായി അഡാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്യാത്ത സ്ഥാപനങ്ങളുമായി ഈ മൂന്ന് കമ്പനികളും നിരവധി നിക്ഷേപ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. വിനോദ് അഡാനി ഈ മൂന്ന് കമ്പനികളുടെയും ഉടമയോ ഡയറക്ടറോ ആണെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.
ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടര്‍ന്ന് സുപ്രീംകോടതി നിർദേശപ്രകാരം പ്രത്യേക അന്വേഷണസമിതിയും നിയോഗിക്കപ്പെട്ടിരുന്നു. ഈ കമ്മിറ്റി മുമ്പാകെയും സെബി റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും നിർദേശമുണ്ടായിരുന്നു. നിക്ഷേപകർക്ക് പരിരക്ഷ നൽകുന്നതടക്കമുള്ള ചട്ടക്കൂടുകൾ ഒരുക്കുന്നത് സംബന്ധിച്ചാണ് സമിതി പഠനം നടത്തുക.
English Summary;Investigation against Adani; SEBI report will be delayed
You may also like this video