Site iconSite icon Janayugom Online

ഓക്സ്ഫാമിനെതിരായ അന്വേഷണം തടഞ്ഞു

സന്നദ്ധ സംഘടനയായ ഓക്സ്ഫാം ഇന്ത്യയുടെ ആദായ നികുതി പുനഃപരിശോധനാ നടപടി ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. ഓക്സ്ഫാം സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ആദായ നികുതി വകുപ്പിന് നോട്ടീസ് അയക്കുകയും പ്രതികരണം ആവശ്യപ്പെടുകയും ചെയ്തു. 2022 സെപ്റ്റംബര്‍ ഏഴിനാണ് സന്നദ്ധ സംഘടനയെക്കുറിച്ച് സര്‍വേ സംഘടിപ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് 2016–17 വര്‍ഷത്തെ ആദായ നികുതി പുനഃപരിശോധിക്കാൻ ആരംഭിച്ചത്. ഇത് സംബന്ധിച്ച് ഈ വര്‍ഷം മാര്‍ച്ച് 29ന് ഓക്സ്ഫാമിന് നോട്ടീസയച്ചിരുന്നു. 

എതിര്‍ സത്യവാങ്മൂലം ആറ് ആഴ്ചക്കുള്ളില്‍ ഫയല്‍ ചെയ്യുമെന്നും പ്രതിഭാഗത്തിന് എതിരഭിപ്രായമുണ്ടെങ്കില്‍ അടുത്ത വാദത്തിന് അഞ്ച് ദിവസം മുമ്പ് സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് രാജീവ് ശാക്ധര്‍, ഗിരീഷ് കഠ്പാലിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസ് വാദം കേള്‍ക്കുന്നതിനായി നവംബര്‍ 22 ലേക്ക് മാറ്റി. അതുവരെ ആദായനികുതി പുനഃപരിശോധന സ്റ്റേ ചെയ്യുന്നതായും കോടതി അറിയിച്ചു.
ഐടി നിയമമനുസരിച്ചാണ് മാര്‍ച്ച് 29ന് ഓക്സ്ഫാമിന് നോട്ടീസയച്ചത്. വിദേശസംഭാവന (നിയന്ത്രണ) നിയമ ഭേദഗതി ബില്ലിലെ വകുപ്പ് 8(1) അനുസരിച്ച് അനധികൃത പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് സംശയാസ്പദമായ രീതിയില്‍ ഫണ്ട് സ്വീകരിച്ചെന്നും നോട്ടീസില്‍ ആരോപിച്ചിരുന്നു. 

Eng­lish Summary;Investigation against Oxfam blocked

You may also like this video

Exit mobile version