Site iconSite icon Janayugom Online

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അന്വേഷണം കേരളത്തിലേക്കും

blastblast

കോയമ്പത്തൂരില്‍ സ്ഫോടന കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. വിയ്യൂര്‍ ജയിലിലെ തടവുകാരനായ മുഹമ്മദ് അസറുദ്ദീൻ എന്നയാളുമായി
സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മുബീന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് അന്വേഷണസംഘം തൃശൂരിലെത്തിയത്. ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻ.ഐ.എ നടത്തിയ അന്വേഷണത്തിലാണ് അസറുദ്ദീൻ അറസ്റ്റിലാവുന്നത്. സ്ഫോടനത്തിന്റെ സൂത്രധാരനായ സഹ്റാൻ ഹാഷിമുമായി അസറുദ്ദീന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാളെ പിടികൂടിയത്. 2019ലാണ് എൻഐഎ അസറുദ്ദീനെ അറസ്റ്റ് ചെയ്തത്. അസറുദ്ദീൻ അടക്കം മൂന്ന് പേരാണ് ശ്രീലങ്കൻ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിയ്യൂരിലെ അതിസുരക്ഷ ജയിലിൽ കഴിയുന്നത്.
നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാളെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട മുബീൻ വന്നു കണ്ടിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനായി തൃശൂർ ജയിലിലെത്തിയ ഉദ്യോഗസ്ഥർ മുബീന്റെ സന്ദർശക പട്ടിക പരിശോധിക്കുകയും ഇയാളിൽനിന്ന് വിവരങ്ങൾ തേടുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഞായറാഴ്ച കോയമ്പത്തൂർ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപം കാറിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്. ഫിറോസ് ഇസ്മായിൽ, നവാസ് ഇസ്മായിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് പിടിയിലായത്. ജി.എം നഗർ, ഉക്കടം സ്വദേശികളാണ് ഇവർ. ഇവർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം ഉള്ളവരായിരുന്നു.

Eng­lish Sum­ma­ry: Inves­ti­ga­tion in Coim­bat­ore blast case to Kerala

You may like this video also

Exit mobile version