മുകേഷിനെതിരെയുള്ള ആരോപണത്തിൽ കൃത്യമായ അന്വേഷണമാണ് നടക്കുന്നതെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ശക്തമായ നിലപാടുണ്ടെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പാർട്ടിക്കും സർക്കാരിനും ഒന്നും മായ്‌ക്കാനോ മറയ്‌ക്കാനോ ഇല്ല. ഇക്കാര്യത്തിൽ പാർട്ടിയും സർക്കാരും പ്രതിരോധത്തിലുമല്ല എന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മുകേഷിനെതിരായ പ്രതിഷേധവും വിവാദങ്ങളും രാഷ്‌ട്രീയ പ്രേരിതമാണ്. ഒരാൾക്കെതിരെയുള്ള പരാതി എന്ന നിലയിലല്ല ഇതിനെ സർക്കാർ കാണുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ കാര്യങ്ങളാണ് നടക്കുന്നത്.
കൃത്യമായ അന്വേഷണത്തിലൂടെ കാര്യങ്ങളുടെ വ്യക്തത പുറത്തുവരും. അതിൽ നിന്നും ആരും മാറിനിൽക്കുന്നില്ല. എന്നാൽ പുകമറ സൃഷ്ടിച്ച് കലാപവും ബഹളവും ഉണ്ടാക്കാനുള്ള ശ്രമം നല്ലതല്ല. യഥാർഥപ്രശ്‌നങ്ങളാണ് ഹേമകമ്മിറ്റിയുടെ ഭാഗമായി വന്നിട്ടുള്ളത്. ഇക്കാര്യത്തിൽ സർക്കാർ എടുത്തത് ശക്തവും ന്യായവുമായ നിലപാടാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറെ വെളിപ്പെടുത്തലുകൾ വന്നിട്ടുണ്ട്. അത് പൊതുവിലുള്ളതാണ്. ഒരാളുടെ മാത്രം കേസല്ല. പല അഭിപ്രായം വരുന്നുണ്ട്. അതിൽ ഏതാണ് വിശ്വസനിയം ഏതാണ് കള്ളം എന്ന് പറയാൻ കഴിയില്ല. നാല് സീനിയർ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുതാര്യമായ അന്വേഷണമാണ് നടക്കുന്നത്. വസ്‌തുതകൾ പുറത്തുവരും. അതിൽ രാഷ്‌ട്രീയ മുതലെടുപ്പും അനാവശ്യ വിവാദം സൃഷ്ടിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.