Site iconSite icon Janayugom Online

ബാലചന്ദ്രമേനോന്റെ പരാതിയിൽ അന്വേഷണം; യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്

സംവിധായകന്‍ ബാലചന്ദ്രമേനോന്റെ പരാതിയില്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്. നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരെയാണ് അന്വേഷണം. ലൈംഗികത പ്രകടമാകുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണ് കേസ്. ലൈംഗിക ആരോപണം ഉന്നയിക്കുമെന്ന് നടിയുടെ അഭിഭാഷകന്‍ ബ്ലാക്ക്മെയില്‍ ചെയ്തെന്ന് ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയിരുന്നു. തനിക്കെതിരെ നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയത്. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വിഡിയോയിൽ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിൽ ഉണ്ടായിരുന്നത്.

നടൻമാർ ഉൾപ്പെടെ 7 പേർക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ ഈ നടിയുടെ അഭിഭാഷകൻ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമോനോൻ മറ്റൊരു പരാതിയും നൽകിയിരുന്നു. ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിക്കും മുൻപു നടിയുടെ അഭിഭാഷകൻ സംഗീത് ലൂയീസ് ഫോണിൽ വിളിച്ചാണു ഭീഷണിപ്പെടുത്തിയതെന്ന് ബാലചന്ദ്ര മോനോൻ പരാതിയിൽ പറയുന്നു. മൂന്നു ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു ഭീഷണി. തന്റെ ഭാര്യയുടെ നമ്പറിലേക്കാണു വിളിച്ചത്. ഈ മാസം 13ന് ആയിരുന്നു ഇത്. തൊട്ടടുത്ത ദിവസം നടി തനിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്‌റ്റിട്ടുവെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു. വലിയൊരു സംഘം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നെന്നും പരാതിയിൽ വിശദമായ അന്വേഷണം വേണമെന്നും ബാലചന്ദ്രമേനോൻ ആവശ്യപ്പെട്ടു.

Exit mobile version