Site iconSite icon Janayugom Online

കനേഡിയന്‍ തെരഞ്ഞടുപ്പിലെ ഇന്ത്യന്‍ ഇടപെടലില്‍ അന്വേഷണം; വിവരം ലഭ്യമാക്കണമെന്ന് കമ്മിഷന്‍

കനേഡിയൻ ഫെഡറല്‍ തെരഞ്ഞെടുപ്പിലെ ഇന്ത്യൻ ഇടപെടലിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാക്കാൻ വിഷയം അന്വേഷിക്കുന്ന സ്വകാര്യ കമ്മിഷൻ ആവശ്യപ്പെട്ടു. 2019ലും 2021ലും കാനഡ പൊതു തെരഞ്ഞെടുപ്പില്‍ വിദേശ രാജ്യങ്ങള്‍ ഇടപെട്ടു എന്ന ആരോപണം അന്വേഷിക്കുന്നതിനായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കമ്മിഷനെ നിയോഗിച്ചത്. തെരഞ്ഞെടുപ്പില്‍ ചൈനീസ് ഇടപെടലുണ്ടായി എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് കമ്മിഷനെ നിയോഗിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചൈന ഇക്കാര്യം നിഷേധിക്കുകയായിരുന്നു. അതേസമയം വിഷയത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. മേയ് മൂന്നിന് അന്വേഷണ കമ്മിഷൻ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്തിമ റിപ്പോര്‍ട്ട് ഡിസംബര്‍ 31ന് പുറത്തിറക്കും.

ചൈന, ഇന്ത്യ എന്നിവയ്ക്കു പുറമേ റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഇടപെടലും അന്വേഷിക്കുന്നുണ്ട്. ഇന്ത്യ- കാനഡ ബന്ധം മോശമായ സാഹചര്യത്തിലാണ് പുതിയ നടപടി. സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ പ്രസ്താവനയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മോശമാക്കിയത്. എന്നാല്‍ ഇന്ത്യ ആരോപണം നിഷേധിക്കുകയായിരുന്നു.

ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന ഖലിസ്ഥാനി ഭീകരവാദികള്‍ക്ക് കാനഡ അഭയം നല്‍കുന്നതായും ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇങ്ങനെ ആരോപിക്കുന്നതെന്നും ഇന്ത്യ പറഞ്ഞു. തുടര്‍ന്ന് കാനഡയില്‍ നിന്നുള്ള വിസാ സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തിവയ്ക്കുകയും 40 ഓളം നയതന്ത്ര പ്രതിനിധികളെ രാജ്യത്തു നിന്ന് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

Eng­lish Sum­ma­ry: Inves­ti­ga­tion into Indi­an inter­fer­ence in Cana­di­an elec­tions; Com­mis­sion to make infor­ma­tion available
You may also like this video

Exit mobile version