Site iconSite icon Janayugom Online

300 ഏക്കർ സ്ഥലം തുച്ഛ വിലയ്ക്ക് ബഹുരാഷ്ട്ര കമ്പനികൾക്ക് ; പഞ്ചാബ് സര്‍ക്കാരിനെതിരെ അന്വേഷണ റിപ്പോര്‍ട്ട്

പഞ്ചാബിൽ ബഹുരാഷ്ട്ര കമ്പനികൾക്ക് 300 ഏക്കർ സ്ഥലം തുച്ഛ വിലയ്ക്ക് പാട്ടത്തിന് നൽകിയ സംഭവത്തിൽ സർക്കാരിനെതിരെ അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. കമ്പനികളുടെ ഭാഗത്തുനിന്ന് പാട്ടക്കരാറുകളുടെ ലംഘനമുണ്ടായത് ശ്രദ്ധയിൽപ്പെട്ടിട്ടും ഓഡിറ്റർമാരുടെ എതിർപ്പുകളുണ്ടായിട്ടും 15 വർഷമായി കരാർ തുടരുകയാണെന്നാണ് പഞ്ചാബ് സ്റ്റേറ്റ് ഫാർമേഴ്സ് ആന്റ് ഫാം വർക്കേഴ്സ് കമ്മിഷൻ അന്വേഷണത്തിൽ കണ്ടെത്തിയത്.

അമരിന്ദർ സിങ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2005ൽ ലുധിയാനയിലെ ഭൂമി ഫീൽഡ് ഫ്രഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 33 വർഷത്തേക്കാണ് പാട്ടത്തിന് നൽകിയത്. ഇപ്പോഴത്തെ മാർക്കറ്റ് വിലയനുസരിച്ച് 600 കോടി മുതൽ 1000 കോടി രൂപ വരെ വിലമതിക്കുന്ന ഭൂമി വർഷത്തിൽ ആറ് ലക്ഷം രൂപ ഈടാക്കിയാണ് അന്ന് വിട്ടുകൊടുത്തത്. ഓരോ നാല് വർഷത്തിലും അഞ്ച് ശതമാനം വർധനവ് നൽകണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കർഷകർക്ക് പരിശീലനം നൽകുന്നതുൾപ്പെടെയുള്ള നിബന്ധനകൾ കരാറിലുണ്ടായിരുന്നെങ്കിലും ഇത്രയും വർഷങ്ങൾക്കുശേഷവും ഒന്നും നടന്നിട്ടില്ലെന്നും കമ്മിഷൻ കണ്ടെത്തി.

പാട്ടക്കരാറിലൂടെ സംസ്ഥാനത്തിന് വൻ വരുമാന നഷ്ടമുണ്ടായിട്ടുണ്ടെന്ന് 2006–07ലും 2007–08ലും അക്കൗണ്ടന്റ് ജനറൽ ചൂണ്ടിക്കാട്ടിയിരുന്നു. 2010–11ലെ റിപ്പോർട്ടിലും കരാറിലെ അപാകതകളും സർക്കാരിന് വന്നുകൊണ്ടിരിക്കുന്ന നഷ്ടവും അക്കൗണ്ടന്റ് ജനറൽ വ്യക്തമാക്കിയിരുന്നു. 2007–08ലെ എജി റിപ്പോർട്ടിൽ സർക്കാരിന് 15 വർഷംകൊണ്ട് പത്ത് കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടിയത്. ഇപ്പോഴത്തെ ഭൂമി വിലയനുസരിച്ച് യഥാർത്ഥത്തിലുള്ള നഷ്ടം എത്രയോ കൂടുതലായിരിക്കുമെന്ന് വ്യക്തം. എന്നാൽ കോൺഗ്രസ് സർക്കാരും പിന്നീട് ശിരോമണി അകാലിദൾ‑ബിജെപി സഖ്യവും ഭരിച്ചപ്പോഴെല്ലാം ഇതെല്ലാം അവഗണിച്ചുകൊണ്ട് മുന്നോട്ടുപോയി.

eng­lish sum­ma­ry; Inves­ti­ga­tion report against the Pun­jab government

you may also like this video;

Exit mobile version