കൊച്ചിയിൽ മുൻ മിസ് കേരള ഉൾപ്പെടെയുള്ളവർ വാഹനാപകടത്തിൽ മരിച്ച കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേസിൽ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടും, സൈജു തങ്കച്ചനുമടക്കം 8 പേരെ പ്രതി ചേർത്തുകൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചത്. സൈജു തങ്കച്ചൻ അമിത വേഗതയിൽ കാറിൽ പിന്തുടർന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സൈജു ദുരുദ്ദേശത്തോടെ യുവതികളെ പിന്തുടർന്നുവെന്നും കുറ്റപത്രത്തിലുണ്ട്. 2021 നവംബർ ഒന്നിന് പുലർച്ചെയാണ് മോഡലുകളടക്കം നാലുപേർ സഞ്ചരിച്ച കാർ പാലാരിവട്ടം ചക്കരപ്പറമ്പിൽ അപകടത്തിൽപ്പെട്ടത്. കാറോടിച്ചിരുന്ന അബ്ദുൽ റഹ്മാനൊഴികെ മറ്റ് മൂന്ന് പേരും അപകടത്തിൽ മരിച്ചിരുന്നു.
ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത് തൃശ്ശൂരിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം. മോഡലുകൾ സഞ്ചരിച്ച കാറിനെ സൈജു തങ്കച്ചൻ തന്റെ ഓഡി കാറിൽ അമിത വേഗതയിൽ പിന്തുടർന്നതാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. അമിതമായി മദ്യപിച്ച് വാഹനമോടിച്ച മോഡലുകളുടെ ഡ്രൈവർ അബ്ദുൽ റഹ്മാനാണ് കേസിലെ ഒന്നാം പ്രതി. ദുരുദ്ദേശത്തോടെ ഹോട്ടലിൽ തങ്ങാൻ മോഡലുകളെ നിർബന്ധിച്ച സൈജുവിനും റോയിക്കുമെതിരെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതെന്നതടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആർ റോയിയുടെ നിർദേശപ്രകാരം കായലിൽ ഉപേക്ഷിച്ച ഹോട്ടൽ ജീവനക്കാർക്ക് എതിരെ തെളിവു നശിപ്പിച്ചതിനും കേസെടുത്തിരുന്നു. സംഭവം നടന്ന് നാലു മാസങ്ങൾക്ക് ശേഷമാണ് ക്രൈം ബ്രാഞ്ച് എസിപി ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്.
English summary; Investigation team files chargesheet in accidental death of models; 8 defendants
You may also like this video;