Site icon Janayugom Online

നിക്ഷേപ സമാഹരണം: റെക്കോഡ് നേട്ടവുമായി സഹകരണബാങ്കുകൾ

സഹകരണമേഖലയുടെ കരുത്ത് വെളിവാക്കി റെക്കോഡ് നേട്ടവുമായി സഹകരണ ബാങ്കുകൾ. ജനുവരി പത്ത് മുതൽ ഫെബ്രുവരി 12 വരെ നടത്തിയ നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ 23,263.73 കോടി രൂപയുടെ പുതിയ നിക്ഷേപം സമാഹരിച്ചതായി സഹകരണമന്ത്രി വി എൻ വാസവൻ. റെക്കോഡ് നേട്ടമാണിത്. 9000 കോടിയാണ് ‘സഹകരണ നിക്ഷേപം നവകേരള നിർമ്മിതിക്കായി’ മുദ്രാവാക്യമുയർത്തിയുള്ള യജ്ഞത്തിലൂടെ സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. 7000 കോടി ജില്ലകളിലെ സഹകരണ ബാങ്കുകളിൽ നിന്നും 2000 കോടി കേരള ബാങ്ക് വഴിയും. എന്നാൽ ജില്ലകളിലെ സഹകരണ ബാങ്കുകൾ 20055.42 കോടിയും കേരള ബാങ്ക് 3208.31 കോടിയും സമാഹരിച്ചു.

സഹകരണ മേഖല കടുത്ത ആക്രമണം നേരിട്ട സമയത്തും കൈവരിച്ച നേട്ടം ജനങ്ങൾക്ക് സഹകരണ സ്ഥാപനങ്ങളിലുള്ള അചഞ്ചലമായ വിശ്വാസമാണ്‌ തെളിയിക്കുന്നത്‌. സഹകരണ പ്രസ്ഥാനം തകർക്കാൻ സംഘടിതമായി നടത്തിയ എല്ലാ കള്ളപ്രചരണങ്ങളെയും ജനങ്ങൾ തള്ളിയെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ പുതിയ നിക്ഷേപം സമാഹരിച്ചത് കോഴിക്കോട് ജില്ലയിലെ സഹകരണ ബാങ്കുകളാണ്. 850 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 4347.39 കോടി രൂപ സമാഹരിച്ചു. രണ്ടാം സ്ഥാനത്ത് എത്തിയ മലപ്പുറം ജില്ല 2692.14 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു (ലക്ഷ്യമിട്ടിരുന്നത്‌ 800 കോടി). മൂന്നാം സ്ഥാനത്തുള്ള കണ്ണൂർ 2569.76 കോടി രൂപയുടെ നിക്ഷേപം നേടി. (ലക്ഷ്യമിട്ടിരുന്നത് 1100 കോടി രൂപ).

മറ്റ് ജില്ലകളിലെ നിക്ഷേപം, ലക്ഷ്യമിട്ടിരുന്ന തുക‌ ബ്രാക്കറ്റിൽ. പാലക്കാട് 1398.07 കോടി രൂപ ( 800 കോടി), കൊല്ലം 1341.11 കോടി (400 കോടി), തിരുവനന്തപുരം 1171.65 കോടി ( 450 കോടി), പത്തനംതിട്ട 526.90 കോടി ( 100 കോടി), ആലപ്പുഴ 835.98 കോടി ( 200 കോടി), കോട്ടയം 1238.57 കോടി ( 400 കോടി), ഇടുക്കി 307.20 കോടി ( 200 കോടി), എറണാകുളം 1304.23 കോടി ( 500 കോടി രൂപ), തൃശൂർ 1169.48 കോടി ( 550 കോടി ), കോഴിക്കോട് 4347.39 കോടി ( 850 കോടി), വയനാട് 287.71 കോടി ( 150 കോടി), കാസർകോട്‌ 865.21 കോടി ( 350 കോടി ). 2000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടിരുന്ന കേരള ബാങ്ക് 3208.31 കോടി സമാഹരിച്ചെന്നും മന്ത്രി പറഞ്ഞു. സഹകരണ സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ ടി വി സുഭാഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കണ്ടല സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം ലഭ്യമാക്കും

കണ്ടല സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം ലഭ്യമാക്കാൻ ക്രമീകരണമൊരുക്കുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. ഇതിനായി പാക്കേജ് പ്രഖ്യാപിക്കും. അ‍ഡ്‌മിനിസ്ട്രേറ്റീവ് സമിതി രൂപീകരിക്കാൻ ജോയിന്റ് രജിസ്ട്രാർക്ക് നിർദേശം നൽകി. സമിതി സമർപ്പിക്കുന്ന പദ്ധതിപ്രകാരമാകും പാക്കേജ്. കരുവന്നൂരില്‍ 109 കോടി നിക്ഷേപകർക്ക് നൽകിയെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

Eng­lish Summary:Investment mobi­liza­tion: Co-oper­a­tive banks with record gains
You may also like this video

Exit mobile version