സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയുടെ ഭാഗമായി താല്പര്യപത്രം ഒപ്പിട്ട 1211 കോടിയുടെ നാല് നിക്ഷേപ പദ്ധതികൾക്ക് തുടക്കമായതായി വ്യവസായ മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2675 കോടിയുടെ എട്ട് പദ്ധതികൾക്ക് കൂടി ഈമാസം തറക്കല്ലിടും. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് ആന്റ് ഹോസ്പിറ്റൽ (300 കോടി), പോസിറ്റീവ് ചിപ്പ് ബോർഡ്സ് (51 കോടി), എംഎസ് വുഡ് അലയൻസ് പാർക്ക് (60 കോടി), ഡൈനിമേറ്റഡ് (800 കോടി) എന്നീ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. ഇതുവരെ 450ലധികം കമ്പനികളിൽ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. 4.80 ലക്ഷം തൊഴിലവസരങ്ങൾക്കുള്ള സാധ്യതയാണ് ഇതിലുള്ളത്. ഐടി, അനുബന്ധ മേഖലകളിലായി 29 കമ്പനികൾ 9,300 കോടിയുടെ നിക്ഷേപ താല്പര്യം അറിയിച്ചു. പദ്ധതികളുമായി ബന്ധപ്പെട്ട് നയപരമായ തീരുമാനങ്ങളെടുക്കാൻ ജൂൺ 19ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും.
കല്യാൺ സിൽക്സ്, അത്താച്ചി, സതർലാന്റ്, ഗാഷ സ്റ്റീൽസ്, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഡെൽറ്റ അഗ്രഗേറ്റ്സ് ഇൻഡസ്ട്രിയൽ പാർക്ക്, ഇന്ദ്രപ്രസ്ഥ, ജിയോജിത് എന്നിവയാണ് പുതിയതായി തുടങ്ങുന്ന എട്ട് നിക്ഷേപ പദ്ധതികള്‍. ബ്ലൂസ്റ്റാർ, അവിഗ്ന, എയർപോർട്ട് ഗോൾഫ് വ്യൂ ഹോട്ടൽ, കെ ബോർഡ് റബർ, കൃഷ്ണ കല മെഡിക്കൽ സയൻസസ് എന്നീ കമ്പനികളുടെ 1117 കോടി രൂപയുടെ പദ്ധതികൾ ജൂണില്‍ തുടങ്ങും. ലൈഫ് സയൻസ് പാർക്കിലെ 60 ഏക്കറിൽ ജിനോം സിറ്റി മാതൃകയിൽ ജെ വി വെഞ്ച്വേഴ്സ് 3800 കോടി രൂപ ബയോ മാനുഫായ്ചറിംഗ് മേഖലയിൽ നിക്ഷേപിക്കുന്ന പദ്ധതിയും ഉടനെ ആരംഭിക്കും. തോന്നക്കൽ കിൻഫ്ര പാർക്ക് ഈ മാസവും തിരുവനന്തപുരത്തെ യൂണിറ്റി മാൾ നവംബറിലും ഉദ്ഘാടനം ചെയ്യുമെന്നും പി രാജീവ് പറഞ്ഞു.
നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് ഉന്നതതല ഉപദേശക സമിതി രൂപീകരിച്ചു. വ്യവസായ മന്ത്രിയാണ് സമിതി അധ്യക്ഷൻ. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി വൈസ് ചെയർമാനും കെഎസ്ഐഡിസി എംഡി കൺവീനറുമാണ്. നിക്ഷേപ പദ്ധതികൾക്ക് സർക്കാർ സഹായം നൽകുക, ചുവപ്പുനാടയിൽ കുടുങ്ങാതെ അനുമതികൾ ലഭ്യമാക്കുക, സമയബന്ധിതമായി പദ്ധതികള്‍ യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് സമിതിയുടെ ചുമതല.

