Site icon Janayugom Online

നിക്ഷേപക സംഗമം: സത്യവും മിഥ്യയും

സംസ്ഥാനങ്ങളുടെ മുന്‍കയ്യോടെ നിക്ഷേപ ഉന്നതതല സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുന്ന പ്രവണത 1991ലെ ആഗോള ധനകാര്യ പ്രതിസന്ധിക്കുശേഷം തുടങ്ങിയതാണ്. ഇത്തരം ഉന്നതയോഗങ്ങളില്‍ വന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ടുവയ്ക്കപ്പെടുമെങ്കിലും അതില്‍ ചെറിയൊരുഭാഗം മാത്രമേ പ്രയോഗത്തില്‍ വരുന്നുള്ളു എന്നതാണ് അനുഭവം. സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള നിക്ഷേപ സംഗമങ്ങള്‍ക്ക് തുടക്കംകുറിക്കുന്നത് രണ്ടു ദശകങ്ങള്‍ക്ക് മുമ്പ് മഹാരാഷ്ട്രയിലാണ്. ഒട്ടേറെ നിക്ഷേപങ്ങള്‍ക്കായുള്ള ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു. ഈ എംഒയുകളില്‍ ബഹുഭൂരിഭാഗവും വൈദ്യുതി മേഖലയിലായിരുന്നു. എന്നാല്‍ ഇതില്‍ നാമമാത്രമായ ധാരണകള്‍ മാത്രമാണ് ഫലപ്രാപ്തിയിലെത്തിയത്. മറിച്ചായിരുന്നെങ്കില്‍ മഹാരാഷ്ട്ര, ഇന്ത്യയിലെ മറ്റു മുഴുവന്‍ സംസ്ഥാനങ്ങളുടെ ഊര്‍ജോല്പാദന പദ്ധതികളോടു തുല്യമായതോതില്‍ ഊര്‍ജം നിര്‍മ്മിക്കപ്പെടുന്ന സംസ്ഥാനമായി മാറുമായിരുന്നു. ഇന്ത്യന്‍ സമ്പദ് ശാസ്ത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അനര്‍ഹമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന സ്ഥാനമാണ് നിക്ഷേപ സംഗമങ്ങള്‍ക്ക് നല്കിവന്നിട്ടുള്ളത്. അതിശയോക്തി കലര്‍ന്ന നേട്ടങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിന്റെ “മീഡിയാ ഹൈപ്പ്” ഈ പ്രതിഭാസത്തിന്റെ ത്വരിതഗതിയിലുള്ള വ്യാപനത്തിന് കുറച്ചൊന്നുമല്ല വഴിവച്ചത്. തീര്‍ത്തും അതിശയോക്തിപരമായ ബ്രാന്‍ഡിങ്ങാണ് തുടര്‍ന്ന് രാജ്യത്താകെ സംഘടിപ്പിക്കപ്പെട്ട ഉന്നതതലങ്ങള്‍ക്ക് നല്കപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.

അഡ്വാന്റേജ് അസാം, പ്രോഗ്രസീവ് പഞ്ചാബ്, മാഗ്നറ്റിക്ക് മഹാരാഷ്ട്ര, ഇന്‍വെസ്റ്റ്ഗഡ്‍ ഛത്തീസ്ഗഢ് റിസര്‍ജന്‍ രാജസ്ഥാന്‍, അഡ്വാന്റേജ് ആന്ധ്രാപ്രദേശ്, റീബില്‍ഡ് കേരള എന്നിങ്ങനെ പോകുന്നു വിശേഷണങ്ങള്‍. ഏതാനും സംസ്ഥാനങ്ങള്‍ ഉന്നതതലങ്ങള്‍ക്ക് ഗ്ലോബല്‍ എന്ന ‘ടാഗ്’ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് ‘റീബില്‍ഡ് കേരള ആഗോള നിക്ഷേപ ഉന്നതതലം’ എന്ന വിശേഷണം തന്നെ. നമ്മുടെ സംസ്ഥാനത്ത് ഇവന്റ്മാനേജ്മെന്റ് സംവിധാനങ്ങള്‍ക്ക് സമാനമായി നിക്ഷേപക മാനേജ്മെന്റ് സംവിധാനങ്ങള്‍ കൂടി സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സമാന്തരമായി പ്രവര്‍ത്തനം നടത്തിവരുന്നുണ്ടെന്നാണ് അറിയുന്നത്. മത്സരത്തില്‍ വിജയം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളില്‍ നാം ഒരിക്കലും പിന്നണിയിലാവരുതല്ലോ. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ വികസനത്തിന്റെ രാഷ്ട്രീയത്തെക്കാള്‍ മുന്‍തൂക്കം രാഷ്ട്രീയത്തിന്റെ വികസനത്തിനും വിജയത്തിനുമാണ് എന്നര്‍ത്ഥം. കഴിഞ്ഞകാല അനുഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ ധാരണാപത്രങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല അവയുടെ ഭാഗമായ കൈമാറ്റ ‘മൂല്യത്തിലും’ വന്‍ വര്‍ധനവുണ്ടായിട്ടുള്ളതായി കാണാം. ഇതില്‍ എത്രമാത്രം നിക്ഷേപ രൂപത്തില്‍ എത്തി എന്നതാണ് പ്രധാന‍ ചോദ്യമായി അവശേഷിക്കുക. ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ളതും ഏറ്റവും വലിപ്പമുള്ളതുമായ യുപിയില്‍, ഭരണകൂടം 2023 ഫെബ്രുവരിയില്‍ എത്തിച്ചേര്‍ന്നൊരു നിക്ഷേപ കരാര്‍ നോക്കുക.


ഇതുകൂടി വായിക്കൂ: സിലിക്കൺ വാലി ബാങ്ക് ഒരു മുന്നറിയിപ്പാണ്


ആദിത്യനാഥ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 18,000 ധാരണാപത്രങ്ങളിലെത്തിച്ചേര്‍ന്നുവെന്നാണ്. ഇതിന്റെ ഫലമായി 32.92 ലക്ഷം കോടി രൂപ മൂലധന നിക്ഷേപമാണ് യുപിയില്‍ നടക്കേണ്ടത്. ഇതേമാതൃക പിന്തുടര്‍ന്ന ആന്ധ്രാ ഭരണകൂടം നിക്ഷേപ ഉന്നതതലം വിളിച്ചുചേര്‍ത്തപ്പോള്‍ 153 ബില്യന്‍ ഡോളറി(13 ലക്ഷം കോടി രൂപ)നുള്ള350 ധാരണാപത്രങ്ങളിലാണ് ഒപ്പിട്ടത്. 9.8 ലക്ഷം കോടി രൂപയ്ക്കുള്ള നിക്ഷേപമാണ് കര്‍ണാടക നിക്ഷേപ ഉന്നതതലത്തിലൂടെ നേടിയെടുത്തത്. 2022 ഏപ്രില്‍ മാസത്തില്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ അസം 87,000 കോടി രൂപയ്ക്കുള്ള നിക്ഷേപ നിര്‍ദേശക പദ്ധതികളാണ് ഉന്നതതലത്തിലൂടെ സമാഹരിച്ചത്. ജൂലൈ മാസത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ 60 ധാരണാപത്രങ്ങളിലൂടെ 1.25 ലക്ഷം കോടി രൂപയ്ക്കുള്ള മൂലധന നിക്ഷേപ സമാഹരണം നടത്തി. ഓഗസ്റ്റില്‍ രാജസ്ഥാന്‍ 70,000 കോടി രൂപ നിക്ഷേപത്തിനുള്ള എംഒയുവില്‍ ധാരണയിലെത്തി. മഹാരാഷ്ട്ര ഒരുപടി കൂടി കടന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ വേദിയില്‍ പങ്കെടുക്കുകയും മൊത്തം 1.37 ലക്ഷം കോടി രൂപയ്ക്കുള്ള നിക്ഷേപ സമാഹരണത്തിന് തുടക്കമിടുകയുമായിരുന്നു. ചുരുക്കത്തില്‍ ഹ്രസ്വകാലത്തിനിടയില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ സമ്പദ്‌വ്യവസ്ഥയാകെ ബാധകമാകുന്ന മൂലധന രൂപീകരണ പ്രക്രിയയ്ക്കാണ് തുടക്കം കുറിച്ചത്.

ഇതരസംസ്ഥാനങ്ങളില്‍ നടന്ന നിക്ഷേപ സംഗമങ്ങളിലെ ധാരണാപത്രങ്ങളുടെ ആധിക്യവും അവയില്‍ എത്രയെണ്ണം പ്രായോഗികമാക്കപ്പെട്ടു എന്ന കണക്കെടുപ്പും നടത്തുമ്പോള്‍ കാണുന്ന പൊരുത്തക്കേട് നിസാരമല്ലെന്ന് വ്യക്തമാണ്. നരേന്ദ്രമോഡി സര്‍ക്കാര്‍ നടത്തുന്ന അവകാശവാദം വിശ്വാസത്തിലെടുക്കാമെങ്കില്‍ പിന്നിട്ട ഒരു വര്‍ഷക്കാലയളവില്‍ നിക്ഷേപക സംഗമത്തിലൂടെ 60 ലക്ഷം കോടി രൂപയ്ക്കുള്ള അധിക നിക്ഷേപ സാധ്യതകളാണ് തുറന്നുകിട്ടിയിരിക്കുന്നത്. ഈ നിക്ഷേപ വാഗ്ദാനങ്ങള്‍ പ്രായോഗിക നിക്ഷേപ പ്രക്രിയയിലേക്ക് നീങ്ങുമോ എന്നതില്‍ ഉറപ്പുപറയാന്‍ കഴിയില്ല. മൊത്തം ജിഡിപി വര്‍ധനവാണ് മാനദണ്ഡമായി എടുക്കുന്നതെന്നതിനാല്‍ കേന്ദ്രത്തിനോടൊപ്പം വിവിധ സംസ്ഥാന ഭരണകൂടങ്ങളുടെ നിക്ഷേപ നേട്ടങ്ങള്‍ കൂടി പരിഗണനയ്ക്കെടുക്കേണ്ടിവരും. കാരണം നേരത്തെ സൂചിപ്പിച്ച സംസ്ഥാനങ്ങളുടെ പരിമിതികള്‍ തന്നെ. കേരളത്തിലാണെങ്കില്‍ അധിക ജനസാന്ദ്രതയുടെ ഫലമായി പരിമിതമായ ലഭ്യത മാത്രമുള്ള തൊഴിലവസരങ്ങള്‍ക്കായി ഉയര്‍ന്നുവരുന്ന ഡിമാന്‍ഡ് കണക്കിലെടുക്കുമ്പോള്‍ സംസ്ഥാന ജിഡിപി വര്‍ധനവിനുള്ള പ്രാധാന്യം ഒട്ടും കുറച്ചുകാണാന്‍ കഴിയില്ല. സ്വാഭാവികമായും ഇത്തരമൊരു പശ്ചാത്തലം നിലവിലുള്ളപ്പോള്‍ വാഗ്ദാനവും ഫലപ്രാപ്തിയും തമ്മിലുള്ള അന്തരം അനുദിനം വര്‍ധിക്കുന്നു. നിക്ഷേപക ഉന്നതതലങ്ങളുടെ പ്രസക്തിയും പ്രാധാന്യവും കുറച്ചുകാണേണ്ടതില്ലെങ്കിലും അവയിലൂടെ പ്രതീക്ഷിക്കുന്ന നിക്ഷേപ വാഗ്ദാനങ്ങള്‍ ഏതറ്റം വരെ ഫലവത്താകുമെന്നത് തുല്യ പ്രാധാന്യമുള്ളതുതന്നെയാണ്.


ഇതുകൂടി വായിക്കൂ: ബാങ്കുകള്‍ തകര്‍ന്നടിയുമ്പോള്‍


ഇവിടെയാണ് ഭരണനിര്‍വഹണത്തിന്റെ പ്രാധാന്യം വെളിവാക്കപ്പെടേണ്ടതും ആ പ്രക്രിയ സുതാര്യമായൊരു വിലയിരുത്തലിന് വിധേയമാക്കപ്പെടേണ്ടതും. ഇതിലേക്കായി നിതി ആയോഗ് എന്ന ഏജന്‍സിയെങ്കിലും ചുമതല ഏറ്റെടുക്കേണ്ടതാണ്. നിതി ആയോഗിനെ സംബന്ധിച്ചാണെങ്കില്‍ പഴയ ആസൂത്രണ കമ്മിഷന് പകരക്കാരനായി നിലവില്‍ വന്ന ഒരു ഏജന്‍സിയാണെന്നാണ് ഔദ്യോഗിക നിലപാടെങ്കിലും ഫലത്തില്‍ ഇത് കേന്ദ്രസര്‍ക്കാരിന്റെ ഒരു വകുപ്പു മാത്രമാണ്. അതേ അവസരത്തില്‍ നിതി ആയോഗിന്റെ പുതിയ സിഇഒ പദവിയിലെത്തിയിരിക്കുന്ന മുന്‍ വാണിജ്യകാര്യ സെക്രട്ടറി ബി വി ആര്‍ സുബ്രഹ്മണ്യത്തിന്, സ്വന്തം കാര്യക്ഷമതയും സ്വതന്ത്ര വിശകലന മാതൃകയും ബോധ്യപ്പെടുത്താന്‍ ഉതകുന്ന വിധത്തില്‍ നിക്ഷേപ പ്രോത്സാഹന യത്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കുന്ന പങ്ക് എന്തെന്ന് വ്യക്തമാക്കാനുള്ള അവസരമാണിപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഇതിനാവശ്യമായ സ്ഥിതിവിവര കണക്കുകള്‍ തികഞ്ഞ കാര്‍ക്കശ്യത്തോടെയും സുതാര്യതയോടെയും ശേഖരിക്കുകയും ലഭ്യമായ കണക്കുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ റാങ്കിങ് നടത്തുകയും ചെയ്യുക എന്ന ചുമതല അദ്ദേഹം പൂര്‍ണ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കേണ്ടതാണ്. മൂലധന നിക്ഷേപവര്‍ധനവിലൂടെ ജിഡിപി വര്‍ധന കൈവരിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം നേടുന്ന വിഷയത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും സൃഷ്ടിക്കുന്ന പുകമറ നീക്കംചെയ്തേ തീരൂ.

Exit mobile version