Site iconSite icon Janayugom Online

പിറന്നാൾ ആഘോഷത്തിന് വിളിച്ചുവരുത്തി; 20കാരിയെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

പിറന്നാൾ ആഘോഷിക്കാൻ വിളിച്ചുവരുത്തി 20 വയസ്സുള്ള യുവതിയെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കൊൽക്കത്തയിലെ ഹരിദേവ്പൂർ സ്വദേശിനിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ചന്ദൻ മാലിക്, ദീപ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികൾക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

യുവതിയുടെ പിറന്നാൾ ആഘോഷിക്കാൻ വേണ്ടിയാണ് പ്രതികൾ അവരെ ദീപിന്റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. അവിടെവെച്ച് ഭക്ഷണം കഴിച്ചശേഷം തിരികെ പോകാൻ ശ്രമിച്ച യുവതിയെ മുറിയിൽ പൂട്ടിയിട്ട് ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ശനിയാഴ്ച രാവിലെ 10.30ഓടെയാണ് യുവതി ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തി വീട്ടുകാരോട് വിവരം പറയുകയും, തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. ഏതാനും മാസങ്ങൾ മുൻപാണ് യുവതി ചന്ദൻ മാലിക്കിനെ പരിചയപ്പെട്ടത്. ഇയാൾ വഴിയാണ് ദീപിനെ പരിചയപ്പെടുന്നത്. ഈ സൗഹൃദം മുതലെടുത്താണ് പ്രതികൾ യുവതിയെ വഞ്ചിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്.

Exit mobile version