പശ്ചിമ ബംഗാളിലെ ഐപാക് ഓഫീസുകളിൽ നടത്തിയ പരിശോധനയ്ക്കിടെ സംസ്ഥാന സർക്കാർ തങ്ങളെ ഭീകരരായി ചിത്രീകരിച്ചുവെന്ന വാദവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ. കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ മമത ബാനർജി സർക്കാരും സംസ്ഥാന പൊലീസും അന്വേഷണം ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്ന് ഇഡി ആരോപിച്ചു.
ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇഡിയുടെ അന്വേഷണത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത് ഗൗരവകരമായ കാര്യമാണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഒരു സംസ്ഥാന ഏജൻസിക്ക് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ ഇടപെടാൻ അധികാരമുണ്ടോ എന്ന ഭരണഘടനാപരമായ വിഷയം കോടതി പരിശോധിക്കും.
മുഖ്യമന്ത്രി മമത ബാനർജി, ഡിജിപി, കൊൽക്കത്ത പൊലീസ് കമ്മിഷണർ എന്നിവർക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഇഡി റിട്ട് ഹർജി സമർപ്പിച്ചത്. അന്വേഷണം തടസ്സപ്പെടുത്തിയെന്നും ഡിജിറ്റൽ ഉപകരണങ്ങളും സുപ്രധാന രേഖകളും പൊലീസ് നിയമവിരുദ്ധമായി പിടിച്ചെടുത്തുവെന്നും ഇഡി ആരോപിക്കുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി, അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് വ്യാജമായി കേസുകൾ രജിസ്റ്റർ ചെയ്തു.
ഐപാക് റെയ്ഡ്: വിചിത്രവാദവുമായി ഇഡി

