Site iconSite icon Janayugom Online

ഐപിഎല്‍ വീണ്ടുമെത്തുന്നു; ഈ മാസം 17ന് പുനരാരംഭിക്കും

ഐപിഎല്‍ 18-ാം സീസണ്‍ ഈ മാസം 17ന് പുനരാരംഭിക്കും. ആറ് വേദികളിലായി അവശേഷിക്കുന്ന മത്സരങ്ങള്‍ നടക്കും. ജൂണ്‍ മൂന്നിന് ഫൈനല്‍ നടക്കുമെന്നും ബിസിസിഐ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യ‑പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെയാണ് വീണ്ടും ഐപിഎല്‍ പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഇനിയുള്ള 17 മത്സരങ്ങള്‍ ബംഗളൂരു, ജയ്‌പൂർ, ഡൽഹി, ലഖ്‌നൗ, മുംബൈ, അഹമ്മദാബാദ് എന്നീ വേദികളിലാണ് നടക്കുക. പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും പുറത്തുവിട്ടു. ഒന്നാം ക്വാളിഫയർ മത്സരം 29നും എലിമിനേറ്റർ മത്സരം 30നും നടക്കും. ര­ണ്ടാം ക്വാളിഫയർ ജൂൺ ഒന്നിന് നടക്കും. നേരത്തെ നിശ്ചയിച്ചതിലും ഒരാഴ്‌ചത്തെ താമസമാണ് മത്സരങ്ങൾക്ക് ഉണ്ടാവുക. പ്രധാനമായും മത്സരങ്ങൾ പ്രത്യേക വേദികളിലായി മാത്രം പരിമിതപ്പെടുത്തിയതോടെ ചില ടീമുകൾക്ക് ശേഷിക്കുന്ന ഹോം മത്സരങ്ങൾ നഷ്‍ടമാവും.

നേരത്തെ ധരംശാലയില്‍ പഞ്ചാബ് കിങ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. പിന്നാലെ വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. നാട്ടിലേക്കു മടങ്ങിയ വിദേശ താരങ്ങളെ ചൊവ്വാഴ്ചയ്ക്കകം തിരിച്ചെത്തിക്കണമെന്ന് ടീം ഫ്രാഞ്ചൈസികൾക്കു നിർദേശം നൽകിയിരുന്നു. ഓസ്ട്രേലിയന്‍ താരങ്ങളായ മിച്ചൽ സ്റ്റാർക്, ജോഷ് ഹെയ്‌‌സൽവുഡ് എന്നിവർ ഐപിഎല്ലിനായി ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്നാണ് സൂചന. അടുത്ത മാസം 11നാണ് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈ­നല്‍. അതിനാല്‍ തന്നെ ഈ ടീമിലെ താരങ്ങള്‍ തിരിച്ചെത്തുമോയെന്ന് വ്യക്തമല്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചതിനാല്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയേക്കില്ല. അതേസമയം പ്ലേ ഓഫിനരികെ നില്‍ക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഓസ്ട്രേലിയന്‍ താരം ജോഷ് ഹെയ്സല്‍വുഡ് മടങ്ങിയെത്തിയില്ലെങ്കില്‍ തിരിച്ചടിയാകും.
സീസണിലെ 58-ാമത്തെ മത്സരമായിരുന്ന പഞ്ചാബ് കിങ്സ്- ഡൽഹി ക്യാപിറ്റൽസ് മത്സരം വീണ്ടും നടത്തുമെന്ന റിപ്പോർട്ടുകളുണ്ട്. നേരത്തെ മത്സരം ആരംഭിച്ച് 10.2 ഓവറുകൾ കഴിഞ്ഞപ്പോൾ അത് റദ്ദാക്കിയിരുന്നു. 

Exit mobile version