സൗദിയിലെ ജിദ്ദയിൽ നടക്കുന്ന ഐപിഎൽ മെഗാ താരലേലത്തിൽ ഒഴുകുന്നത് കോടികൾ . ലേലത്തിന്റെ ആദ്യ ദിവസം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനും മറ്റൊരു ഇന്ത്യൻ താരമായ ശ്രേയസ് അയ്യർക്കും പൊന്നും വില. ഋഷഭിനെ ലക്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിലെത്തിച്ചത് 27 കോടി രുപയ്‌ക്ക്. ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയാണിത്. 26.5 കോടി രൂപയാണ് ശ്രേയസിനായി പഞ്ചാബ് മുടക്കിയത്. രാജസ്ഥാൻ വിട്ട ജോസ് ബട്‌ലറെ 15.5 കോടി രൂപയ്‌ക്കും കഗീസോ റബാദയെ 10.75 കൊടിക്കും ഗുജറാത്ത് ടീമിലെത്തിച്ചപ്പോൾ 11.75 കോടി മുടക്കി മിച്ചൽ സ്റ്റാർക്കിനെ ഡൽഹി സൈൻ ചെയ്തു.
ഇന്ത്യൻ പേസർ അർഷ്‌ദീപ് സിങ്ങിനെ നിലനിർത്തുവാൻ 18 കോടി രൂപയാണ് പഞ്ചാബ് കിങ്‌സ് മുടക്കിയത് . അർഷ്ദീപിനായി ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും രാജസ്ഥാൻ റോയൽസും രംഗത്തെത്തിയെങ്കിലും 15.75 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദ് വിളിച്ചെടുത്തു. എന്നാൽ ആർടിഎം ഉപയോഗപ്പെടുത്തി പഞ്ചാബ് താരത്തെ നിലനിർത്തുകയായിരുന്നു.
ഒരു ടീമിൽ 25 കളിക്കാരാണ് വേണ്ടത്. അതിൽ എട്ട് വിദേശികളെ ഉൾപ്പെടുത്താം. പത്തു ടീമുകളിൽ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് അനുവദനീയമായ ആറു കളിക്കാരെ നിലനിർത്തിയത്. ചെന്നൈ സൂപ്പർകിങ്സ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമുകൾ അഞ്ചു കളിക്കാരെ നിലനിർത്തിയിട്ടുണ്ട്.