Site iconSite icon Janayugom Online

ഐപിഎല്ലില്‍ പങ്കെടുക്കുന്നവര്‍ 26ന് തിരിച്ചെത്തണം; ദക്ഷിണാഫ്രിക്ക

ഐപിഎല്ലില്‍ പങ്കെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഈ മാസം 26ന് മടങ്ങിയെത്തണമെന്ന് പരിശീലകന്‍ ഷുക്രി കൊണ്‍റാഡ്. ജൂണ്‍ മൂന്നിനാണ് ഐപിഎല്‍ ഫൈനല്‍ നടക്കുക. ഇതോടെ താരങ്ങള്‍ക്ക് ലീഗ് പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കില്ല. ഇത് പല ഫ്രാഞ്ചൈസികള്‍ക്കും തിരിച്ചടിയാകും. നേരത്തെ മേയ് 25നായിരുന്നു ഐപിഎല്‍ ഫൈനല്‍. എന്നാല്‍ അപ്പോഴും 26ന് താരങ്ങള്‍ തിരിച്ചെത്തണമെന്നായിരുന്നു ക്രിക്കറ്റ് സൗത്താഫ്രിക്ക ബിസിസിഐയെ അറിയിച്ചിരുന്നത്. ഈ നിലപാടില്‍ മാറ്റമില്ലെന്നാണ് പരിശീലകന്‍ വീണ്ടും ആവര്‍ത്തിച്ചത്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറും സിഇഒയുമെല്ലാം ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടത്തുന്നുണ്ട്. നിലവില്‍ ഇതില്‍ നിന്ന് പിന്മാറുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ക്ക് താരങ്ങള്‍ 26ന് തന്നെ തിരിച്ചെത്തേണ്ടതുണ്ട്. — കൊണ്‍റാഡ് വ്യക്തമാക്കി. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ് ഇത്തരമൊരു നിലപാടിലെത്തിയത്. മുള്‍ഡര്‍(സണ്‍റൈസേഴ്സ് ഹൈദരാബാദ്), എയ്ഡന്‍ മാര്‍ക്രം(ഹൈദരാബാദ്), കോര്‍ബിന്‍ ബോഷ്(മുംബൈ ഇന്ത്യൻസ്), മാര്‍ക്കോ യാന്‍സന്‍(പഞ്ചാബ് കിങ്സ്), ലുങ്കി എന്‍ഗിഡി(റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു), കാഗിസോ റബാഡ(ഗുജറാത്ത് ടൈറ്റന്‍സ്), റിയാന്‍ റിക്കിള്‍ടണ്‍(മുംബൈ ഇന്ത്യൻസ്), ട്രിസ്റ്റന്‍ സ്റ്റബ്സ് (ഡല്‍ഹി ക്യാപിറ്റല്‍സ്) എന്നിവര്‍ ഐപിഎല്ലില്‍ കളിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ടീമിലുൾപ്പെട്ട ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ്. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ 11ന് ലോർഡ്സിൽ തുടങ്ങും. മാത്രമല്ല ജൂണ്‍ മൂന്ന് മുതല്‍ ആറ് വരെ സിംബാബ്‌വെയ്ക്കെതിരെ ദക്ഷിണാഫ്രിക്ക ഒരു സന്നാഹ മത്സരം കളിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ടൂര്‍ണമെന്റ് അവസാനിക്കുന്നതിന് മുമ്പ് താരങ്ങളെ തിരിച്ച് വിളിക്കാന്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ (സിഎസ്എ) തീരുമാനം.

Exit mobile version