Site iconSite icon Janayugom Online

കമ്മിന്‍സിനും ഹെഡിനും 58 കോടിയുടെ ഓഫറുമായി ഐപിഎല്‍ ടീം

ഓസ്ട്രേലിയന്‍ ദേശീയ ക്രിക്കറ്റ് ടീം വിട്ട് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് കളിക്കാന്‍ പാറ്റ് കമ്മിന്‍സിനും ഓപ്പണര്‍ ട്രാവിസ് ഹെഡിനും ദക്ഷിണാഫ്രിക്കന്‍ താരം ഹെന്‍റിച്ച് ക്ലാസനും വമ്പന്‍ തുക വാഗ്ദാനം ചെയ്ത് ഐപിഎല്‍ ടീം. പ്രതിവര്‍ഷം 58.2 കോടിയോളം(10 മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍) രൂപയാണ് വാഗ്ദാനം ചെയ്തതെങ്കിലും ഈ ഓഫര്‍ ഓസീസ് താരങ്ങള്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്. സിഡ്‌നി മോണിങ് ഹെറാള്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

വിവിധ ടി20 ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ കളിക്കുന്നതിനാണ് ഐപിഎല്‍ ഫ്രാഞ്ചൈസി ഇരുവര്‍ക്കും വമ്പന്‍ തുക വാഗ്ദാനം ചെയ്തത്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് കമ്മിന്‍സിന് 18 കോടി രൂപയും ട്രാവിസ ഹെഡിന് 14 കോടി രൂപയുമാണ് പ്രതിഫലമായി നല്‍കുന്നത്. ഇതിന് പുറമെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള വാര്‍ഷിക കരാറില്‍ നിന്ന് ഇവര്‍ക്ക് ഏകദേശം 8.74 കോടി രൂപയും പ്രതിഫലമായി ലഭിക്കും. ട്രാവിസ് ഹെഡിനെ 2024 താരലേലത്തില്‍ 6.8 കോടിക്കാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. എന്നാല്‍ താരത്തിന്റെ പ്രകടനം മികച്ചതായതോടെ 2025‑ല്‍ 14 കോടിക്കാണ് ഹൈദരാബാദ് ഹെഡിനെ ടീമില്‍ നിലനിര്‍ത്തിയത്. എന്നാല്‍ ഇരുവരും ഇത് നിരസിച്ചതായുള്ള റിപ്പോര്‍ട്ട് പ്രകാരം ലീഗിനേക്കാളും രാജ്യമാണ് വലുതെന്ന് തെളിയിക്കുന്നതാണിത്. 

സ്വകാര്യ മൂലധനം ക്ഷണിക്കുന്നതിനായി ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷ് ലീഗ് സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് താരങ്ങള്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയതെന്നും സിഡ്നി മോര്‍ണിങ് ഹെറാള്‍ഡ് പറയുന്നു. ദക്ഷിണാഫ്രിക്കയുടെ സാറ്റ്20, കരീബിയന്‍ പ്രീമിയര്‍ ലീഗ്, അമേരിക്കയുടെ മേജര്‍ ലീഗ് ക്രിക്കറ്റ്, യുഎയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ലീഗ് ടി20 തുടങ്ങിയ ലോകത്തെ വിവിധ ടി20 ലീഗുകളില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ഓഹരികളുണ്ട്. 

Exit mobile version