ബഹ്‌റൈനിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. വടക്കൻ ബഹ്‌റൈനിലെ മുഹറഖ് ഏരിയയിലെ സർവ്വകലാശാലാ കെട്ടിടത്തിന് മുകളിലേക്ക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ പ്രദേശത്ത് അപായ സൈറണുകൾ മുഴങ്ങുകയും ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
സിവിലിയൻ കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യം വെക്കുകയാണെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. മിസൈൽ ആക്രമണത്തിന് പുറമെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ബഹ്‌റൈനിലെ ഒരു കടൽജലം ശുദ്ധീകരണ പ്ലാന്റിനും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. സിവിലിയൻ സൈറ്റുകളെ വിവേചനരഹിതമായി ആക്രമിക്കുന്ന ഇറാന്റെ നടപടിയെ മന്ത്രാലയം അപലപിച്ചിട്ടുണ്ട്.
യുഎസ്-ഇസ്രായേൽ സഖ്യത്തിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയായി ഇറാൻ ആരംഭിച്ച പ്രത്യാക്രമണം ഇപ്പോൾ ബഹ്‌റൈനിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെയും ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. മുഹറഖ് മേഖലയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.

