Site iconSite icon Janayugom Online

ഫത്താ മിസൈലുകള്‍ തൊടുത്ത് ഇറാന്‍

ഇസ്രയേലിനു നേരെ ഹൈപ്പര്‍സോണിക് മിസൈലുകള്‍ തൊടുത്ത് ഇറാന്‍. ഫത്താ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ഇറാന്‍ ഇസ്രയേലിനെതിരെ ശക്തമായ പ്രത്യാക്രമണം നടത്തിയത്. ഓപ്പറേഷന്‍ ഹോണസ്റ്റ് പ്രോമിസ് മൂന്നിന്റെ പതിനൊന്നാം തരംഗമാണ് ഫത്താ-1 മിസൈലുകള്‍ ഉപയോഗിച്ച് നടപ്പാക്കിയതെന്ന് ഇസ്ലാമിക് റിപ്പബ്ലിക് നേതാവ് അയത്തൊള്ള അലി ഖമനേയി പറഞ്ഞു. നേരത്തെയും ഇസ്രയേലിനു നേരെ ഇറാന്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചിരുന്നു. 2024ല്‍ ഇസ്രയേലിനെതിരായ ട്രൂ പ്രോമിസ് രണ്ട് ഓപ്പറേഷനില്‍ ഡസനോളം ഫത്താ മിസൈലുകളാണ് തൊടുത്തത്. എന്നാല്‍ പുതുതായി ആരംഭിച്ച സംഘര്‍ഷത്തില്‍ ആദ്യമായാണ് ഫത്താ മിസൈലുകള്‍ കളത്തിലിറക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശബ്ദത്തെക്കാള്‍ അഞ്ചിരട്ടിയിലധികം വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിവുള്ളവയാണ് ഹൈപ്പര്‍സോണിക് മിസൈലുകള്‍. നിലവിലുള്ള മിക്ക വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കും ഇവയെ തടയുവാനും ട്രാക്ക് ചെയ്യുവാനും ബുദ്ധിമുട്ടേറെയാണ്. 

അതിവേഗതയും പറക്കുമ്പോള്‍ ദിശമാറ്റാനുള്ള കഴിവും ഫത്തായെ വ്യത്യസ്തമാക്കുന്നു. 2023ലാണ് ഇറാന്റെ ആദ്യത്തെ ഹൈപ്പര്‍സോണിക് മിസൈലായ ഫത്താ-1 പുറത്തിറക്കിയത്. അയത്തൊള്ള അലി ഖമനേയിയാണ് ഫത്താ എന്ന പേര് നിര്‍ദേശിച്ചത്. ഇസ്രയേലിന്റെ രക്ഷാകവചങ്ങളായ അയണ്‍ ഡോമിനെയും ആരോയെയും നിഷ്പ്രഭമാക്കാന്‍ പ്രത്യേകം രൂപകല്പന ചെയ്തവയാണ് ഫത്താ മിസൈലുകള്‍. ഇസ്രയേല്‍ സ്ട്രൈക്കറെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് ഇവയെ വിശേഷിപ്പിക്കുന്നത്. 12 മീറ്റര്‍ നീളമുള്ള ഇവയുടെ ദൂരപരിധി 1,400 കിലോമീറ്ററാണ്. മണിക്കൂറില്‍ 17,900 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ഫത്താ മിസൈലുകള്‍ക്ക് 200 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും. ശത്രുക്കളുടെ പ്രതിരോധ സംവിധാനങ്ങളില്‍ നിന്നും രക്ഷനേടാന്‍ ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍ വാര്‍ഹെഡുകളും ഇവയില്‍ സജ്ജീകരിച്ചിട്ടുണ്ട്. 

Exit mobile version