യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾ ആറാം ദിവസവും തുടരുന്നതിനിടെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം നഗരത്തിന്റെ കിഴക്കൻ ഭാഗത്താണ് വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ടെഹ്റാനു പുറമെ സാനന്ദാജ്, സാഖെസ്, ബുകാൻ എന്നീ കുർദിഷ് നഗരങ്ങളിലും രാത്രിയിൽ ആക്രമണങ്ങൾ നടന്നു. കഴിഞ്ഞ ശനിയാഴ്ച മുതൽ ഇറാനിലെ 150-ലധികം നഗരങ്ങൾ ആക്രമിക്കപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിന് തിരിച്ചടിയെന്നോണം ഇസ്രായേലിലെയും മിഡിൽ ഈസ്റ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പുതിയ ആക്രമണങ്ങൾ ആരംഭിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
അതേസമയം, ലെബനനിലെ ബയ്‌റൂത്തിലും ടൈറിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ബയ്‌റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളായ ഗോബെയ്രി, ഹാരെത് ഹ്രീക്ക്, ബിർ അൽ-അബേദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം ഉണ്ടായത്.

