ഇസ്രയേലും അമേരിക്കയും ആക്രമണം തുടർന്നാൽ ഇസ്രയേലിലെ ഡിമോണ ആണവ കേന്ദ്രം ലക്ഷ്യമിടുമെന്ന് ഇറാന്റെ ഭീഷണി. ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ISNA വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനിൽ പുതിയതായി സ്ഥാനമേൽക്കുന്നയാൾ ആരായാലും അത് ഉന്മൂലനത്തിനുള്ള ലക്ഷ്യമായിരിക്കും എന്ന ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഭീഷണി. ഖമനേയിയുടെ മകൻ മൊജ്തബ അടുത്ത പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടതായി പ്രചരിക്കുന്ന റിപ്പോർട്ടുകൾ ഇറാൻ നിഷേധിക്കുകയും ചെയ്തു. ഡിമോണ ആണവ കേന്ദ്രം എന്ന് അറിയപ്പെടുന്ന ഷിമോൺ പെരെസ് നെഗേവ് ആണവ ഗവേഷണ കേന്ദ്രം ദക്ഷിണ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. നെഗേവ് മരുഭൂമിയിലെ ഇസ്രായേലിന്റെ ഏറ്റവും വലിയ നഗരമായ ബീർഷെബയിൽ നിന്ന് 30 കിലോമീറ്റർ തെക്കുകിഴക്കായിട്ടാണ് ഇത്. ജോർദാനിയൻ അതിർത്തിയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ പടിഞ്ഞാറുവശത്തും ഈജിപ്ഷ്യൻ അതിർത്തിയിൽ നിന്ന് 75 കിലോമീറ്റർ കിഴക്കുമായാണ് സ്ഥിതി ചെയ്യുന്നത്. ഡിമോണയിൽ നടത്തുന്ന ഏതൊരു ആക്രമണവും ഇസ്രായേലിനു മാത്രമല്ല, ജോർദാൻ, ഈജിപ്ത് പോലുള്ള അയൽ രാജ്യങ്ങൾക്കും വലിയ അപകടമുണ്ടാക്കും.
ഇസ്രയേലിൽ ഏറ്റവും കൂടുതൽ സുരക്ഷയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ഒന്നായ ഡിമോണ ഔദ്യോഗികമായി ഒരു ഗവേഷണ കേന്ദ്രമായാണ് അറിയപ്പെടുന്നതെങ്കിലും ആണവ ഗവേഷണ കേന്ദ്രമാണ് ഇതെന്നാണ് റിപ്പോർട്ട്.

