Site iconSite icon Janayugom Online

ചെങ്കടലിലേക്ക് ഇറാന്‍ യുദ്ധക്കപ്പല്‍

ഇസ്രയേലിന്റെ ഗാസ ആക്രമണത്തിന് പിന്നാലെ ചെങ്കടലില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ കടുത്തു. ചെങ്കടലില്‍ യുദ്ധക്കപ്പല്‍ വിന്യസിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. ഇറാനിയൻ സൈന്യത്തിന്റെ 34-ാം നാവികസേനയുടെ ഭാഗമായ അല്‍ബോഴ്സ് എന്ന യുദ്ധക്കപ്പലാണ് ചെങ്കടലിലെത്തിയത്. യെമനടുത്തുള്ള ബാബുല്‍ മൻദബ് കടലിടുക്കിലൂടെ അല്‍ബോഴ്സ് ചെങ്കടലില്‍ എത്തിയതായി ഇറാനിലെ തസ്നിം വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ഇറാൻ സുരക്ഷാ മേധാവി അലി അക്ബര്‍ അഹമ്മദിയൻ ഉന്നത ഹൂതി വക്താവ് മുഹമ്മദ് അബ്ദുസലാമുമായി കൂടിക്കാഴ്ച നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെ ഹൂതികള്‍ ആക്രമിച്ചതോടെയാണ് ചെങ്കടല്‍ സംഘര്‍ഷമേഖലയായത്. ഇതോടെ ഈ വഴിയുള്ള യാത്ര ഉപേക്ഷിക്കുന്നതായി പ്രമുഖ കപ്പല്‍ കമ്പനികള്‍ പ്രഖ്യാപിച്ചു. യാത്രയ്ക്ക് സുരക്ഷ ഒരുക്കാൻ എന്ന പേരില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സഖ്യരാജ്യങ്ങള്‍ ചെങ്കടലില്‍ പടയൊരുക്കം നടത്തിയിരുന്നു.
ഹൂതി വിമതരെ ഇറാന്‍ സഹായിക്കുന്നതായാണ് യുഎസിന്റെ ആരോപണം. എന്നാല്‍ ഇറാന്‍ ഇക്കാര്യം നിഷേധിക്കുകയാണ്. ഹൂതി വിമതര്‍ ചെങ്കടലില്‍ കണ്ടെയ്‌നര്‍ കപ്പലിനുനേരെ തൊടുത്ത രണ്ട് മിസൈലുകള്‍ വെടിവച്ചിട്ടതായും മൂന്ന് ബോട്ടുകള്‍ തകര്‍ത്തതായും യുഎസ് സേന അറിയിച്ചിരുന്നു. 10 ഹൂതി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ യുദ്ധക്കപ്പല്‍ മേഖലയിലേക്ക് എത്തിയിരിക്കുന്നത്. 

ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് ഇന്ത്യ ചെങ്കടലിലേക്ക് പെട്ടെന്ന് പ്രവേശിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് മോര്‍മുഗാവോ, ഐഎന്‍എസ് കൊച്ചി എന്നീ മിസൈല്‍ വേധ യുദ്ധകപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. കപ്പല്‍ വേധ ബ്രഹ്മോസ് മിസൈലുകളും ഇവയില്‍ സജ്ജമാണ്.

Eng­lish Summary;Iranian war­ship to Red Sea

You may also like this video

Exit mobile version