Site iconSite icon Janayugom Online

ഇറാന്റെ നാവികസേനയെ തകർത്തു, 46 കപ്പലുകൾ മുക്കി; പിടിച്ചെടുക്കുന്നതിനേക്കാൾ രസം കപ്പലുകൾ മുക്കുന്നതാണെന്ന് ട്രംപ്

ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം അവരുടെ അത്യാധുനികമായ 46 നാവിക കപ്പലുകൾ അമേരിക്കൻ സൈന്യം കടലിൽ മുക്കിയെന്ന് വെളിപ്പെടുത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ മെംബേഴ്‌സ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ നാവികസേനയെ പൂർണ്ണമായും തകർത്തുവെന്നും എല്ലാ കപ്പലുകളും സമുദ്രത്തിന്റെ അടിത്തട്ടിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അത്യാധുനികമായ ഈ കപ്പലുകൾ പിടിച്ചെടുക്കുന്നതിന് പകരം മുക്കിക്കളഞ്ഞതിൽ തനിക്ക് ചെറിയ അതൃപ്തിയുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. “എന്തിനാണ് അവ മുക്കിക്കളഞ്ഞതെന്ന് ഞാൻ സൈനിക ഉദ്യോഗസ്ഥരോട് ചോദിച്ചു. പിടിച്ചെടുക്കുകയാണെങ്കിൽ നമുക്ക് അവ ഉപയോഗിക്കാമായിരുന്നു. എന്നാൽ കപ്പലുകൾ മുക്കുന്നതാണ് കൂടുതൽ രസം എന്നായിരുന്നു അവരുടെ മറുപടി. അവർക്ക് മുക്കുന്നതാണ് കൂടുതൽ ഇഷ്ടം, ട്രംപ് പരിഹാസരൂപേണ പറഞ്ഞു. മാർച്ച് 4ന് ഇന്ത്യ ആതിഥേയത്വം വഹിച്ച സൈനികാഭ്യാസത്തിന് ശേഷം മടങ്ങുകയായിരുന്ന ഇറാന്റെ ‘ഐ ആർ ഐ എസ് ദേന’ എന്ന ഫ്രിഗേറ്റ് യുഎസ് അന്തർവാഹിനി തകർത്ത വാർത്ത ട്രംപിന്റെ പരാമർശത്തോടെ വീണ്ടും ചർച്ചയായിട്ടുണ്ട്. ഈ ആക്രമണത്തിൽ 87 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടിരുന്നു.

ഫെബ്രുവരി 28ന് ഇസ്രായേലുമായി സഹകരിച്ച് അമേരിക്ക നടത്തിയ ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിലൂടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടിരുന്നു. ശത്രുവിനെ പൂർണ്ണമായും പരാജയപ്പെടുത്തുന്നത് വരെ പിന്മാറില്ലെന്ന് ട്രംപ് കോൺഫറൻസിൽ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഇറാൻ നിരുപാധികമായി കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ടെഹ്‌റാൻ ഇത് തള്ളിക്കളഞ്ഞിരുന്നു.

Exit mobile version