Site iconSite icon Janayugom Online

ഇറാഖ് പാര്‍ലമെന്റ് കയ്യേറി പ്രക്ഷോഭം

ഇറാഖ് പാര്‍ലമെന്റ് കെട്ടിടം പ്രക്ഷോഭകാരികള്‍ കയ്യേറി. ഇറാന്‍ അനുകൂല നേതാവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് അതീവ സുരക്ഷാ മേഖലയിലുള്ള പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയത്. ഷിയാ നേതാവ് മുഖ്തദ അല്‍ സദ്‌റിന്റെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സൈന്യത്തിന്റെ പിന്തുണയോടെയാണ് പ്രക്ഷോഭം അരങ്ങേറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം നടക്കുമ്പോൾ പാർലമെന്റിൽ എം.പിമാർ ആരും ഉണ്ടായിരുന്നില്ല. പ്രക്ഷോഭത്തിന്റെ തുടക്കത്തില്‍ കണ്ണീര്‍വാതക പ്രയോഗം നടത്തിയിരുന്നു. എന്നാല്‍ പാര്‍ലമെന്റിന് അകത്തേക്ക് പ്രതിഷേധക്കാര്‍ക്ക്‌ പ്രവേശിക്കുന്നതിന് സൈന്യം മൗനം പാലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി പ്രതിഷേധക്കാരോട് പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. പ്രക്ഷോഭകാരികള്‍ മേശകളിലും മറ്റും കയറി നൃത്തം വെക്കുകയും പാട്ട് പാടുകയും ഫോട്ടോ എടുക്കുകയും ചെയ്തു.

പാര്‍ലമെന്റ് കീഴടക്കി മണിക്കൂറുകള്‍ക്ക് ശേഷം മുഖ്തദ അല്‍ സദ്‌ര്‍ അനുയായികളോട് വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങിപ്പോകാന്‍ ആഹ്വാനം ചെയ്തു. ഇതോടെ പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്തേയ്ക്ക് ഒഴുകുകയായിരുന്നു. സദ്റിന്റെ ജനകീയ പിന്തുണ ലോകത്തെ കാണിച്ചുകൊടുക്കുകയാണ് പ്രക്ഷോഭത്തിലൂടെ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മുഖ്തദ അല്‍ സദ്റിന്റെ രാഷ്ട്രീയ സഖ്യമാണ് ഭൂരിപക്ഷം സീറ്റുകളില്‍ വിജയിച്ചത്. എന്നാല്‍ രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് അധികാരമേല്‍ക്കാനായില്ല. ഇതേത്തുടര്‍ന്ന് ഒമ്പത് മാസമായി തുടരുന്ന അനിശ്ചിതത്വമാണ് പാര്‍ലമെന്റ് കയ്യേറുന്നതിലേക്ക് എത്തിയത്. മുൻ മന്ത്രിയും മുൻ പ്രവിശ്യ ഗവർണറുമായ ഇറാന്‍ അനുകൂലി മുഹമ്മദ് അല്‍ സുദാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഷിയാ നേതാക്കള്‍.

Eng­lish summary;Iraqi Par­lia­ment Occu­pied Protest

You may also like this video;

Exit mobile version