Site iconSite icon Janayugom Online

അയണ്‍ ഡോം അജയ്യമല്ല; ഉപയോഗശൂന്യമെന്ന് തെളിഞ്ഞതായി ഇറാന്‍ സൈന്യം

ഇസ്രയേലിന്റെ അയണ്‍ ഡോം അജയ്യമല്ല. ഇറാന്‍ വ്യാപകമായ തോതില്‍ ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതോടെ ആകാശക്കോട്ടയെന്ന് അറിയപ്പെട്ടിരുന്ന അയണ്‍ ഡോമിന്റെ ദൗര്‍ബല്യങ്ങള്‍ പുറത്തുവരുകയായിരുന്നു. തുടര്‍ച്ചയായ മിസൈല്‍ ആക്രമണം ഇസ്രയേലിന്റെ ആയുധശേഖരത്തെ ബാധിച്ചിട്ടുണ്ടെന്നും ഇനി അധികനാള്‍ ഇതേരീതിയില്‍ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇറാനുനേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെയാണ് സൈനിക സംഘര്‍ഷം ആരംഭിച്ചത്. ഇറാന്റെ ബഹുഭൂരിപക്ഷം മിസൈലുകളും തടയാന്‍ ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിച്ചുവെങ്കിലും ഭൂരിഭാഗം ഇറാന്‍ ആക്രമണങ്ങളും ലക്ഷ്യം കണ്ടു. ഹജ് ഖാസിം, ഫത്താ 1, സെജില്‍ തുടങ്ങിയ ഹൈപ്പര്‍ സോണിക് മിസൈലുകള്‍ക്ക് മുന്നില്‍ അയണ്‍ ഡോം വിറയ്ക്കുകയായിരുന്നു. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യമെന്ന് തെളിഞ്ഞതായി ഇറാന്‍ സൈന്യം അവകാശപ്പെട്ടു. തങ്ങളുടെ മിസൈലാക്രമണത്തിന്റെയും ഇന്റലിജന്‍സിന്റെയും കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഐആര്‍ജിസി പറയുന്നു.
അയണ്‍ ഡോം, ആരോ-2, ആരോ-3, ഡേവിഡ്സ് സ്ലിംഗ് ഉൾപ്പെടെ ഇസ്രയേലിനും സഖ്യകക്ഷികൾക്കും 950 മുതൽ 1,120 വരെ വ്യോമപ്രതിരോധ സംവിധാനങ്ങളുണ്ടെന്നാണ് കണക്ക്. യുഎസ് വിന്യസിച്ച താഡ്, രണ്ട് യുഎസ് പടക്കപ്പലുകളിലെ പേട്രിയറ്റ്, എസ്എം-3, എസ്എം-6 ഇ പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടെയാണിത്. നിലവിൽ ഇസ്രയേല്‍ വലിയ അവകാശവാദങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും ഹൈഫ, ടെൽ അവീവ് അടക്കമുള്ള വൻ നഗരങ്ങളിൽ അയൺ ഡോമിനെ വെട്ടിച്ച് ഇറാന്‍ മിസൈലുകൾ കനത്ത നാശം വിതച്ചിട്ടുണ്ട്. 

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇറാന്‍ വിവിധതരം ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇറാന്റെ പക്കലുള്ള മിസൈലുകളുടെ എണ്ണം ഇപ്പോഴും ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ അവ്യക്തമാണ്. ഇന്നലെയാണ് യുദ്ധത്തില്‍ ആദ്യമായി സെജില്‍ മിസൈല്‍ ഇറാന്‍ പരീക്ഷിക്കുന്നത്. ഇത്തരത്തില്‍ ഇനിയും ആധുനികമായ മിസൈലുകള്‍ ഇറാന്റെ പക്കലുണ്ടെന്നാണ് കരുതപ്പെടുന്നത്. ബാലിസ്റ്റിക് മിസൈലുകളുടെ സഞ്ചാര പാത അതിവേഗമുള്ളതും ഉയര്‍ന്നതുമായതിനാല്‍ ഇവയെ പ്രതിരോധിക്കാന്‍ കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളൂ. ചില മിസൈലുകള്‍ റഡാറുകളെയും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയും കബളിപ്പിക്കാന്‍ ഡീക്കോയികളോ എംഎആര്‍വികളോ ഉപയോഗിക്കുന്നു. പ്രതിദിനം 50 മുതൽ 70 മിസൈലുകൾ വരെ ഇറാൻ തൊടുത്താൽ അവയെ നേരിടാൻ 72 മുതൽ 84 വരെ പ്രതിരോധ മിസൈലുകൾ ഇസ്രയേലിന് ഉപയോഗിക്കേണ്ടി വരും. ഒരു മിസൈലിനെ ചെറുക്കാൻ ശരാശരി 1.2–1.4 ഇന്റർസെപ്റ്ററുകൾ വേണ്ടിവരും. ഈ സ്ഥിതി തുടർന്നാൽ 12 ദിവസത്തിനുള്ളിൽ ഇസ്രയേൽ സമ്മർദത്തിലാകും. ആരോ മിസൈൽ പ്രതിരോധ സംവിധാനത്തിനു വേണ്ട പുതിയ മിസൈലുകൾ ലഭിക്കാൻ നാല് ആഴ്ചയോളം വേണ്ടിവരും. പത്താം ദിവസം വരെ അയൺ ഡോമിന് മിസൈലുകൾ കാര്യമായി ചെറുക്കാനാകും. അഞ്ച് ദിവസം കൂടി പിന്നിടുമ്പോൾ സ്ഥിരത കൈവിടും. 18ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇസ്രയേലിന് വ്യോമപ്രതിരോധം സാധ്യമല്ലാത്ത സ്ഥിതിയിലേക്ക് എത്തുമെന്നും ഓപൺ സോഴ്‌സ് ഇന്റലിജന്റ്‌സ് പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. 

Exit mobile version