Site iconSite icon Janayugom Online

ശ്രീകോവിലിലെ അഗ്നിബാധയ്ക്കും കാരണം മുൻ മേൽശാന്തി: അന്വേഷണ റിപ്പോർട്ട്

templetemple

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഗുരുതര ക്രമക്കേടുകൾ അക്കമിട്ട് നിരത്തി ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്. ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല കാണാതായ സംഭവത്തിലും ശ്രീകോവിലിലെ അഗ്നിബാധയ്ക്കും കാരണം മുൻ മേൽശാന്തിയാണെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു.

ശ്രീകോവിലിലെ അഗ്നിബാധ സംബന്ധിച്ച വിവരങ്ങൾ ദേവസ്വംബോർഡിൽ നിന്ന് മറച്ചുവെച്ചെന്നും പരിഹാരക്രിയകൾ നടത്താതെ ആചാരലംഘനം നടന്നുവെന്നും കണ്ടെത്തൽ ഉണ്ട്. വിഗ്രഹത്തിൽ ചാർത്തുന്ന 81 മുത്തുകളുള്ള സ്വർണ രുദ്രാക്ഷ മാല കാണാതായതു സംബന്ധിച്ചായിരുന്നു ദേവസ്വം വിജിലൻസിന്റെ അന്വേഷണം. ഈ രുദ്രാക്ഷ മാല മാറ്റി പകരം 72 മുത്തുകളുള്ള മറ്റൊരു മാല വെച്ചത് കണ്ടെത്തിയ വിജിലൻസ്, ക്രിമിനൽ, സിവിൽ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുണ്ട്.

മാലയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് 2021 ജനുവരി പതിനേഴിന് ശ്രീകോവിലിലുണ്ടായ അഗ്നിബാധ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. തീപിടിത്തത്തിൽ മൂലബിംബത്തിന് സാരമായ കേടുപാടുകൾ ഉണ്ടായി. വെളളി പീഠം ഉരുകി. നെയ്യ്, എണ്ണ, കർപ്പൂരം എന്നിവ ശ്രീകോവിലിനുള്ളിൽ കുട്ടകളിൽ കൂട്ടിവെച്ചതാണ് അഗ്നിബാധയ്ക്ക് കാരണമായതെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ അഗ്നിബാധയുടെ വിവരങ്ങൾ ദേവസ്വം ബോർഡിൽ നിന്നും ഭക്തജനങ്ങളിൽ നിന്നും മറച്ചുവെച്ചു.

അഗ്നിബാധയുണ്ടായാൽ ചെയ്യേണ്ട പരിഹാരക്രിയകൾ ചെയ്യാതെ അന്ന് തന്നെ ഭക്തജനങ്ങളെ പ്രവേശിപ്പിച്ചത് ഗുരുതര ആചാരലംഘനവും വിശ്വാസികളോടുള്ള വഞ്ചനയാണെന്നും റിപ്പോർട്ടിലുണ്ട്. അഗ്നിബാധയിൽ കേടുപറ്റിയ സ്വർണ പ്രഭയിലെ 3 സ്വർണ നാഗപത്തികൾ ദേവസ്വം ബോർഡിനെ അറിയിക്കാതെ വിളക്കിച്ചേർത്തതായും അന്വേഷണത്തിൽ കണ്ടെത്തി.

അടിയന്തരമായി അഷ്ടമംഗല ദേവപ്രശ്നം നടത്തണമെന്നാണ് വിജിലൻസിന്റെ ശുപാർശ. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ബാങ്ക് അക്കൗണ്ടും ക്ഷേത്ര ഉപദേശക സമിതിയുടെ പത്ത് വർഷത്തെ പ്രവർത്തനവും വരവ് — ചെലവ് കണക്കുകളും വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്. മുൻ മേൽശാന്തി കേശവൻ സത്യേഷിനെ കൂടാതെ തിരുവാഭരണങ്ങൾ സംബന്ധിച്ച് കണക്കെടുപ്പ് നടത്തുന്നതിൽ വീഴ്ച വരുത്തിയ ദേവസ്വം തിരുവാഭരണം കമ്മിഷണർ എസ് അജിത് കുമാറിനെതിരെയും നടപടിക്ക് ശുപാർശയുണ്ട്. വിജിലൻസ് എസ്‌പി ബിജോയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

 

Eng­lish Sum­ma­ry: Irreg­u­lar­i­ties at Ettumanoor tem­ple: Inves­ti­ga­tion report against Priest

You may like this video also

Exit mobile version