Site icon Janayugom Online

റോഡ് നിര്‍മ്മാണത്തിലെ ക്രമക്കേട്; നിരവധിയിടത്ത് ക്രമക്കേടുകള്‍ കണ്ടെത്തി വിജിലന്‍സ്

റോഡ് നിര്‍മ്മാണത്തിലെ ക്രമക്കേടും അഴിമതിയും കണ്ടെത്താന്‍ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന്‍ സരള്‍ രാസ്ത‑2’ എന്ന പേരില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉള്‍പ്പെടെ 116 റോഡുകളില്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ നിരവധിയിടത്ത് ക്രമക്കേടുകള്‍ കണ്ടെത്തി. കഴിഞ്ഞ ആറു മാസത്തിനിടെ അറ്റകുറ്റപണിയും നിര്‍മ്മാണവും നടത്തിയ റോഡുകളില്‍ ഇതിനോടകം പൊട്ടിപ്പൊളിഞ്ഞവയിലാണ് പരിശോധന നടത്തിയത്.

സംസ്ഥാനത്ത് പുതുതായി നിര്‍മ്മിക്കുന്ന റോഡുകളില്‍ ഗ്രേഡ് മെറ്റല്‍ ഉപയോഗിക്കാതെയും ടാര്‍ നിശ്ചിത അളവില്‍ ഇല്ലാതെയുമുള്ള നിര്‍മ്മാണം മൂലം കുഴികള്‍ രൂപപ്പെടുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ഓരോ പാളിയുടെയും കനം ടെണ്ടറില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കനം കുറച്ചു നിര്‍മ്മിച്ച ശേഷം എന്‍ജിനീയര്‍മാരുമായി ഒത്തുകളിച്ച് എം ബുക്കില്‍ ടെണ്ടര്‍ പ്രകാരമുള്ള അതേ കനത്തിലും നിലവാരത്തിലും ആണ് നിര്‍മ്മാണ സാധനങ്ങള്‍ ഉപയോഗിച്ചതെന്ന് രേഖപ്പെടുത്തി ബില്ല് മാറി നല്‍കുന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ പരിശോധന നടത്തിയ റോഡുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ലാബിലേക്ക് അയച്ചു. ലാബ് ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്താല്‍ എം ബുക്കുമായി ഒത്തു നോക്കി കരാറുകാര്‍ക്ക് കൂടുതല്‍ തുക മാറ്റി നല്‍കിയിട്ടുണ്ടോയെന്നും ടെണ്ടര്‍ പ്രകാരമുള്ള ഗുണനിലവാരത്തിലാണോ പണി പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു. ഇന്റലിജന്‍സ് വിഭാഗം പൊലീസ് സൂപ്രണ്ട് ഇ എസ് ബിജുമോന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും പങ്കെടുത്തു.

Eng­lish sum­ma­ry; Irreg­u­lar­i­ty in road con­struc­tion; Vig­i­lance found irreg­u­lar­i­ties in many places

You may also like this video;

Exit mobile version