Site iconSite icon Janayugom Online

ശനി ശിംഗ്നാപൂര്‍ ക്ഷേത്രത്തില്‍ ശതകോടികളുടെ ക്രമക്കേട്; ശനീശ്വര്‍ ദേവസ്ഥാനെതിരെ ക്രിമിനല്‍ കേസെടുത്തു

ലക്ഷങ്ങളുടെ അഴിമതി നടത്തിയതിന് ശനി ശിംഗ്നാപൂരിലെ ശ്രീ ശനീശ്വര്‍ ദേവസ്ഥാനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രാഥമിക അന്വേഷണത്തില്‍ വന്‍ അഴിമതി നടന്നതായി വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ക്ഷേത്ര ഫണ്ട് തട്ടിയെടുക്കാന്‍ ശനീശ്വര്‍ ദേവസ്ഥാന്‍ ജീവനക്കാര്‍ വ്യാജ അപ്പുകളും ക്യു ആര്‍ കോഡും ഉപയോഗിക്കുന്നെന്നായിരുന്നു ആരോപണം. തുടര്‍ന്ന് വിഷയത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിക്കുകയായിരുന്നു. ഇതോടെ കൂടുതല്‍ അഴിമതികള്‍ പുറത്തുവന്നു. ക്ഷേത്രത്തില്‍ പുതിയതായി 2474 ജീവനക്കാരെ നിയമിച്ചതായി ട്രസ്റ്റ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അത് വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 258 ജീവനക്കാര്‍ മാത്രമാണ് ക്ഷേത്രകാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. ക്ഷേത്ര ട്രെസ്റ്റ് മേല്‍നോട്ടം വഹിച്ചിരുന്ന ആശുപത്രികളില്‍ 80 മെഡിക്കല്‍ ജീവനക്കാരും 247 അവിദഗ്ധ തൊഴിലാളികളുമുണ്ടെന്നായിരുന്നു ഔദ്യോഗിക രേഖകളില്‍ പറയുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ അവിടെ നാല് ഡോക്ടര്‍മാരും ഒമ്പത് അവിദഗ്ധ തൊഴിലാളികളുമാണുള്ളത്. ക്ഷേത്രത്തില്‍ പൂന്തോട്ടമില്ലെങ്കിലും 80 ജീവനക്കാര്‍ പൂന്തോട്ട പരിപാലനത്തിനുള്ളതായും രേഖകളില്‍ കാണിച്ചിരുന്നു. 

സംഭാവനകള്‍ കൈപ്പറ്റുന്ന ജോലിയില്‍ രണ്ട് പേര്‍ മാത്രമായിരുന്നു ഏര്‍പ്പെട്ടിട്ടുണ്ടായിരുന്നത്. എന്നാല്‍ ഇതിനായി 352 പേര്‍ ഉണ്ടെന്നായിരുന്നു ക്ഷേത്ര ട്രെസ്റ്റിന്റെ അവകാശവാദം. 2474 ജീവനക്കാരുടെ ശമ്പളത്തിന്റെ പേരില്‍ കോടികളാണ് ട്രസ്റ്റ് കൈക്കലാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
കൂടാതെ ഔദ്യോഗികമല്ലാത്ത ക്യു ആര്‍ കോഡുകള്‍ ഉപയോഗിച്ച് സംഭാവകള്‍ സമാഹരിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മഹാരാഷ്ട്ര സൈബര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ യാഷസ്വി യാദവിന്റെ നേതൃത്വത്തിലായിരിക്കും വ്യാജ മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുക. പരാതി ലഭിച്ചതിനുപിന്നാലെ ക്ഷേത്രത്തില്‍ പ്രത്യേക ഓഡിറ്റുകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ചാരിറ്റി കമ്മിഷന്‍ ക്ഷേത്ര ട്രെസ്റ്റിന് ക്ലീന്‍ ചിറ്റ് നല്‍കി. ഇത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തും. 

അഹില്യാനഗറിലെ നെവാസ ടെഹ്സിലിലാണ് പ്രസിദ്ധമായ ശനി ശിംഗ്നാപൂര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദിനംപ്രതി 4000 ത്തിലേറെ വിശ്വാസികള്‍ ദര്‍ശനം നടത്തുന്നു. ക്ഷേത്രത്തിനും ഗ്രാമത്തിലുള്ള വീടുകള്‍ക്കും ജനലുകളും വാതിലുകളും ഇല്ലെന്നത് ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ദൈവം തങ്ങളെ സംരക്ഷിക്കുമെന്നാണ് ഇവിടുത്തെ ജനങ്ങളുടെ വിശ്വാസം. ക്ഷേത്ര ജീവനക്കാരന്റെ വീട്ടില്‍ നിന്നും കുറച്ച് സ്വര്‍ണം മോഷണം പോയതല്ലാതെ നൂറ്റാണ്ടുകളായി ഇവിടെ മറ്റൊരു മോഷണ കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. 2011ല്‍ ആരംഭിച്ച ബാങ്ക് കെട്ടിടത്തില്‍ മാത്രമാണ് ജനലുകളും വാതിലുകളുമുള്ളത്. ഗ്രാമത്തില്‍ പൊലീസ് സ്റ്റേഷനുണ്ടെങ്കിലും യാതൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സത്യസന്ധതയ്ക്ക് പേരുകേട്ട ഗ്രാമത്തിലാണ് ഇപ്പോള്‍ രാജ്യത്തെ ഞെട്ടിച്ച ക്ഷേത്രഭരണ അഴിമതി നടന്നിരിക്കുന്നതെന്നതും ശ്രദ്ധേയമായി. 

Exit mobile version