Site iconSite icon Janayugom Online

പകരം വയ്ക്കാൻ ഇല്ലാത്ത അഭിനയ പ്രതിഭ; കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് ബിനോയ് വിശ്വം

പകരം വയ്ക്കാൻ ഇല്ലാത്ത അഭിനയ പ്രതിഭയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു. ഗായികയായി കലാജീവിതം ആരംഭിച്ച കവിയൂർ പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനേത്രിയായി മാറുന്നത്. പന്ത്രണ്ടാമത്തെ വയസിൽ തോപ്പിൽഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് കവിയൂർ പൊന്നമ്മ ഗായികയായി രംഗപ്രവേശം ചെയ്യുന്നത്. 

പിന്നീട് അതേ നാടകത്തിൽ നായികാവേഷമണിയുകയും ഇടതുപക്ഷ പുരോഗമന നാടക പ്രസ്ഥാനമായ കെപിഎസിയിലെ പ്രധാന നടിയായി മാറുകയും ചെയ്തു. നാടകത്തിൽനിന്ന് സിനിമയിലേക്ക് എത്തിയ അവർ അവതരിപ്പിച്ച എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ എക്കാലവും ജീവിക്കും. വ്യക്തിപരമായി സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന കവിയൂർ പൊന്നമ്മയിൽ നിന്ന് മാതൃനിർവിശേഷമായ സ്നേഹമനുഭവിക്കാൻ കഴിഞ്ഞിരുന്നുവെന്നും ബിനോയ് വിശ്വം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Exit mobile version