Site icon Janayugom Online

ഓഹരി വിലയിടി‍ഞ്ഞു: ഐആര്‍സിടിസി വിഹിതം നല്‍കണമെന്ന ഉത്തരവ് റയില്‍വേ പിന്‍വലിച്ചു

ഇന്ത്യന്‍ റയില്‍വേയുടെ കാറ്ററിങ്, ടൂറിസം, ഓണ്‍ലൈന്‍ ടിക്കറ്റ് വില്പന എന്നിവയ്ക്കുവേണ്ടിയുള്ള പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ റയില്‍വേസ് കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷ(ഐആര്‍സിടിസി)ന്റെ വരുമാനത്തില്‍ നിന്ന് റയില്‍വേ മന്ത്രാലയത്തിന് വിഹിതം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിച്ചു.

2020–21 വര്‍ഷത്തില്‍ ഐആര്‍സിടിസിയ്ക്ക് കണ്‍വീനിയന്‍സ് ഫീ ഇനത്തില്‍ ലഭിച്ച 300 കോടി രൂപയില്‍ പകുതി തുക നല്‍കണമെന്നായിരുന്നു റയില്‍വേ മന്ത്രാലയം ഉത്തരവിട്ടത്. ഫീസ് ഇനത്തില്‍ ലഭിച്ച തുക പങ്കുവയ്ക്കണമെന്ന തീരുമാനം സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഐആര്‍സിടിസിയ്ക്ക് വലിയ തിരിച്ചടിയായതോടെയാണ് തീരുമാനം പിന്‍വലിക്കുന്നതായി ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് സെക്രട്ടറി ട്വിറ്ററിലൂടെ അറിയിച്ചത്. 

ട്രെയിനുകളില്‍ ഭക്ഷണ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഏക അംഗീകൃത സ്ഥാപനവും റയില്‍വേ ടിക്കറ്റിങ്, കാറ്ററിങ് സേവനങ്ങളുടെ കുത്തകയും ഐആര്‍സിടിസി ആണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഐആര്‍സിടിസി കണ്‍വീനിയന്‍സ് ഫീ ഇനത്തില്‍ സമാഹരിക്കുന്ന മുഴുവന്‍ തുകയും പ്രവര്‍ത്തന ചെലവുകള്‍ക്കായി വിനിയോഗിക്കുകയാണ് ചെയ്തിരുന്നത്. 

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെത്തുടര്‍ന്ന് ഷെയര്‍മാര്‍ക്കറ്റില്‍ സ്ഥാപനത്തിന് 40 ശതമാനത്തോളം ഇടിവാണ് ഉണ്ടായത്. തീരുമാനം പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഓഹരിവിപണിയില്‍ ഐആര്‍സിടിസിയ്ക്ക് വീണ്ടും കുതിച്ചുകയറ്റമുണ്ടായി. ഓഹരി വിപണിയില്‍ സ്ഥാപനത്തിന്റെ വിശ്വാസ്യതയും മൂല്യവും നശിപ്പിക്കുന്ന ഇടപെടലുകളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഓഹരി വിപണി വിദഗ്ധരുള്‍പ്പെടെ ചൂണ്ടിക്കാട്ടി. ട്വിറ്ററിലുള്‍പ്പെടെ വ്യാപകമായ പരിഹാസമാണ് തീരുമാനത്തെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന് നേരിടേണ്ടിവന്നത്. 

Eng­lish Sum­ma­ry : irtc share for cen­tral government

You may also like this video :

Exit mobile version