കാർമുകിൽ പോൽ പടർന്ന
രജനിയിൽ നിറനിലാ-
വെട്ടമേകി ചന്ദ്രനും
ശീതള-തരളിത നിർവൃ-
തിയായ് രാക്കാറ്റേകിയ
മാമ്പൂ മണവും
തെല്ലിട നേരത്തിലിരുളിൻ
മാറത്ത് ചില്ലുചിതറിച്ച മിന്നൽ-
ക്കൊടിയേറ്റ് കോറിയയിട-
നെഞ്ച് ക്രോധത്തിലുര ചെയ്തു
“അനുവാദമില്ലാതെയെൻ
ഹൃത്തടത്തിലെന്തിന്
വെള്ളിവീശി”, ഉത്തര-
മില്ലാ ചോദ്യത്തിന്
സാക്ഷിയായ് ചന്ദ്രനും
നീറ്റുവേദനയിൽ
ഒളിഞ്ഞുനിന്നു, ഇരുളോ
ആത്മഗതമോതിയി-
ങ്ങനെ ‘അല്പുമാത്രേയെൻ
മിന്നലേറ്റ് പൊള്ളിയ
തനുവിൽ ഇരുളിൻപാ-
ളികളമരും,സമയ-
ചക്രമുരുളുന്നു മന്ദം മന്ദം
ഇരുളിൻ ഭാരത്തിലുറങ്ങുന്നു
ചീലാന്തിയും, ചാരക്കൊന്ന
യുമിതരമരങ്ങളും, ചരാ-
ചരങ്ങളും! ഏകനായ് നില-
കൊള്ളുന്നയെന്നെയൂറക്കം
കീഴ്പ്പെടുത്തില്ലെന്ന
ഹുങ്കോടെ നില്ക്കവെ
അരികിലേക്കടുക്കുന്നു തീ-
ഗോളങ്ങൾ, ഇരുൾചൊല്ലി-
”ആരാണ് നീ?” തീപ്പൊരി ചിതറും
തീഗോളങ്ങളുരിയാടി
”സമയചക്രത്തിന്നടിമപ്പെട്ട-
ഭൂഗോളത്തിൽ, നിൻ കൂട്ടിനായ്
ഉറങ്ങാതെ നില്ക്കാം, ഞാൻ
നിൻമാറ് പിളർക്കാതെ,
നിന്നിലെ വെട്ടമായ്
ചെറുനേരമെങ്കിലും നില-
നില്ക്കാം, കനത്ത നിൻ-
മാറിൽ ചിത്രങ്ങൾ വരയ്ക്കാം
അതിബൃഹത്താം നിന്നു-
ടലിലൊരു കോണിൽ
പ്രണയത്തിൻ മൺചെരാ-
തുകൾ തെളിയിക്കാം”
സ്നേഹസല്ലാപത്തിൽ
സ്വയം മറന്നവർ നിലകൊണ്ടു
മാറ്റു കുറഞ്ഞെരിഞ്ഞു തീരുന്ന
തീജ്വാലയും, ഇരുളിൻ
കുപ്പായം മെല്ലെ കീറി
വിഭാതത്തിൽ വരവും
അങ്ങനെയാ രംഗത്തി-
ലൊരു പ്രകാശത്തരിയായ്
തീയും, വെള്ളപൂശിയ
മാനത്തൊരു കരിപ്പൊ-
ട്ടായിരുളുമൊന്നായ് മറഞ്ഞു!