Site iconSite icon Janayugom Online

ചുമ മരുന്ന് കയറ്റുമതി ചെയ്തിട്ടുണ്ടോ? ഇന്ത്യയോട് വിശദീകരണം തേടി ലോകാരോഗ്യ സംഘടന

മധ്യപ്രദേശിൽ 20 കുട്ടികളുടെ മരണത്തിന് കാരണമായ ചുമ സിറപ്പ് മറ്റു രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന് ഇന്ത്യയോട് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ലോകാരോഗ്യ സംഘടന നിർദേശിച്ചു. ചുമ സിറപ്പ് കഴിച്ചതുമൂലമുണ്ടായ വൃക്ക അണുബാധ മൂലമാണ് മധ്യപ്രദേശിൽ 20 കുട്ടികൾ മരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. വിഷയത്തിൽ ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ച ശേഷം ‘കോൾഡ്രിഫ്’ സിറപ്പിനെതിരെ രാജ്യാന്തര തലത്തിൽ മുന്നറിയിപ്പ് നൽകാനാണു ലോകാരോഗ്യ സംഘടനയുടെ നീക്കമെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

മധ്യപ്രദേശിൽ ചുമ സിറപ്പ് കഴിച്ച അഞ്ചു കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള എസ്‌ഐടി സംഘം ബുധനാഴ്ച തമിഴ്നാട് കാഞ്ചീപുരത്തുള്ള മരുന്ന് നിർമ്മാണ ശാലയിൽ അന്വേഷണം നടത്തിയതായും റിപ്പോർട്ടുണ്ട്. ചെന്നൈ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് പുതുച്ചേരി, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ‘കോൾഡ്രിഫ്’ എന്ന ചുമ സിറപ്പ് വിതരണം ചെയ്യുന്നത്. കാഞ്ചീപുരത്തെ സുങ്കുവർചത്രത്തിലെ നിർമ്മാണ കേന്ദ്രത്തിൽ നിന്നു ശേഖരിച്ച കഫ് സിറപ്പുകളുടെ സാമ്പിളുകളിൽ മായം കലർന്നിരുന്നതായി സർക്കാർ അറിയിച്ചിരുന്നു. തുടർന്ന് കമ്പനിയോട് ഉടൻ പ്രവർത്തനം അവസാനിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Exit mobile version