Site iconSite icon Janayugom Online

ജിഎസ്‌ടി പരിഷ്കാരം അനിവാര്യമോ?

ക്കഴിഞ്ഞ വാരത്തില്‍ പിന്നിട്ട 2023–24 ധനകാര്യ വര്‍ഷത്തില്‍ റവന്യു വരുമാനത്തില്‍ ഏറെക്കുറെ തൃപ്തികരമായൊരു ചിത്രമാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഔദ്യോഗിക രേഖകള്‍ തരുന്നത്. അറ്റ റവന്യു വരുമാനവര്‍ധന 19.9 ശതമാനം മാര്‍ച്ച് മധ്യത്തില്‍ നേടിയിരുന്നു. ഈ നേട്ടമാണെങ്കില്‍ പുതുക്കിയ ബജറ്റിന്റെ 97 ശതമാനം വരെ എത്തുകയും ചെയ്തു. ചരക്കു സേവനനികുതി വരുമാനം റെക്കോഡ് നിലവാരത്തിലെത്തി. മൊത്തം ജിഎസ്‌ടി പിരിവ് 20.18 ലക്ഷം കോടിയായിരുന്നു. 2024 ഫെബ്രുവരിയില്‍ മാത്രം 1.78 ലക്ഷം കോടി രൂപയായിരുന്നു ഇത്. ആറര വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രയോഗത്തിലാക്കപ്പെട്ട ഈ പുതിയ നികുതി പരീക്ഷണത്തില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂടിയ തുകയുമാണ്. 2023 ഏപ്രില്‍ മാസത്തില്‍ മാത്രമായിരുന്നു വരുമാനം ഇതിലേറെ എത്തിയിരുന്നത്. മാര്‍ച്ചിലും സാഹചര്യം മാറ്റമില്ലാതെ തുടരുന്നപക്ഷം, ഈ സ്രോതസിലൂടെയുള്ള നികുതി വരുമാനം രണ്ട് ലക്ഷം കോടി വരെ പ്രതീക്ഷിക്കാവുന്നതാണ്.
2023–24ലെ ശരാശരി പ്രതിമാസ നികുതി പിരിവ് 11.6 ശതമാനം ഉയര്‍ന്ന് 1.68 ലക്ഷം കോടി വരെ ആയിരിക്കുന്നു. പിന്നിട്ട ധനകാര്യ വര്‍ഷത്തിലെ ശരാശരിയായിരുന്ന 21.8 ശതമാനത്തേക്കാള്‍ കുറവാണ് ഇതെങ്കിലും ജിഎസ്‌ടി വരുമാനം അതിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ ഒരിക്കല്‍പോലും തകര്‍ച്ച നേരിടേണ്ടി വന്നിട്ടില്ല. കോവിഡിന്റെ കാലയളവില്‍ പോലും ജിഎസ്‌ടി വരുമാനത്തില്‍ പറയത്തക്ക തോതിലുള്ള ഇടിവൊന്നുമുണ്ടായില്ല.


ഇതുകൂടി വായിക്കൂ: സമ്പദ്ഘടനയുടെ വീഴ്ചയും പട്ടിണിയുടെ വാഴ്ചയും


മുകളില്‍ സൂചിപ്പിച്ച വസ്തുതകളില്‍ നിന്നും കണക്കുകളില്‍ നിന്നും വെളിവാകുന്ന വസ്തുത ജിഎസ്‌ടി വരുമാനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും വലിയതോതില്‍ ആശങ്കയ്ക്ക് വകയില്ലെന്നതാണ്. മാത്രമല്ല, കേന്ദ്ര ജിഎസ്‌ടി വരവ് 2023–24ല്‍ ഇതുവരെയായി ഇടക്കാല ബജറ്റില്‍ പ്രതീക്ഷിച്ചതിനെ കടത്തിവെട്ടിയതായി കാണാനും കഴിയുന്നുണ്ട്. അതായത്, 2024–25ലെ ബജറ്റില്‍ ഈ വരുമാനത്തില്‍ നിന്നും കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാവുന്നതാണ്. ജിഡിപി വളര്‍ച്ചാനിരക്ക് നേരിയ തോതില്‍ ഇടിവ് രേഖപ്പെടുത്തിയാലും ഈ വരുമാനസ്രോതസ് സമ്മര്‍ദത്തെ അതിജീവിച്ചേക്കാം.
പിന്നിട്ട ഏതാനും മാസങ്ങളില്‍ ജിഎസ്‌ടി വരുമാന വര്‍ധനവ് രേഖപ്പെടുത്തിയതിന് ഒന്നിലേറെ കാരണങ്ങളുണ്ട്. ഒന്ന്, മുന്‍കാലങ്ങളില്‍ കുടിശിക നികുതി പിരിവ് ഊര്‍ജിതവും യാഥാര്‍ത്ഥ്യവുമാക്കി. രണ്ട്, നികുതി വെട്ടിപ്പിന്റെ പഴുതുകള്‍ അടച്ചുകളഞ്ഞു. മൂന്ന്, വ്യാജ ഇന്‍വോയ്സുകളും വ്യാജ ഇന്‍പുട്ട് നികുതി ക്രെഡിറ്റ് കെെക്കലാക്കലും നിര്‍ത്തലാക്കുകയും ചെയ്തു. സാമ്പത്തിക മേഖല കൂടുതല്‍ ഊര്‍ജസ്വലത കെെവരിച്ചതായി ധനമന്ത്രാലയവും നിതി ആയോഗും അവകാശപ്പെടുകയും ചെയ്യുന്നു. ഇത്തരം അനുകൂല സാഹചര്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തോടെ 2024 മാര്‍ച്ച് മാസത്തില്‍ ചരക്കു-സേവന കെെമാറ്റങ്ങള്‍ തൊട്ടുമുമ്പുള്ള ഫെബ്രുവരിയിലെ 13.6 ശതമാനത്തെ അപേക്ഷിച്ച് 17.6 ശതമാനത്തിലെത്തിയെന്നാണ് ഔദ്യോഗികവാദം. ഇതിനാനുപാതികമായി നികുതിവരുമാനവും ഉയരുമല്ലോ.
അതേ അവസരത്തില്‍ കേന്ദ്രസര്‍ക്കാരിനെ അലോസരപ്പെടുത്തുന്ന ഒരു സാഹചര്യമുണ്ട്. ചരക്കുകളുടെയും സേവനങ്ങളുടെയും ഇറക്കുമതികളില്‍ അനുഭവപ്പെടുന്ന ഇടിവും അതിനെത്തുടര്‍ന്ന് നികുതിവരുമാനത്തില്‍ ഉണ്ടാകുന്ന കുറവും ആണിത്. ഈ ഇടിവാണെങ്കില്‍ അഞ്ച് ശതമാനത്തോളവുമാണ്. ഫെബ്രുവരിയില്‍ ഇത് എട്ട് ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരുന്നതെന്നതുകൂടി കാണണം. ഈ പ്രവണത ഗൗരവമായി കാണുന്നതോടൊപ്പം, ജിഎസ്‌ടി എന്ന പരീക്ഷണം കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വളരെ ‘ഇലാസ്റ്റിക്ക്’ ആയൊരു നികുതിവരുമാന മാര്‍ഗമാണ്. ഈ സ്രോതസിന്റെ വീഴ്ചകള്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് വിധേയമാക്കുകയാണ് കരണീയമായിട്ടുള്ളത്. 


ഇതുകൂടി വായിക്കൂ:  ചരിത്രത്തെ തമസ്കരിക്കുന്ന പാഠപുസ്തക തിരുത്തല്‍


ഉപഭോഗ നിലവാരത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ചരക്കുകളുടെയും സേവനങ്ങളുടെയും ഡിമാന്‍ഡിനെ നിര്‍ണയിക്കുക. അതോടൊപ്പം ഉപഭോക്താക്കളുടെ വരുമാനവും നികുതിനിരക്കുകളുടെയും നികുതിവ്യവസ്ഥയുടെ ആകെത്തന്നെയുള്ള ലളിതമായ സ്വഭാവവും ഉപഭോഗ നിലവാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായിരിക്കും. ഇതിനുപുറമെ, വെെദ്യുതി, പെട്രോളിയം ഉല്പന്നങ്ങള്‍ തുടങ്ങി കൂടുതല്‍ ഉല്പന്നങ്ങളെ ജിഎസ്‌ടിക്ക് കീഴിലാക്കുകയും ഡിമാന്‍ഡ് ഇന്‍ഷുറന്‍സ് തുടങ്ങിയവയ്ക്കു മേല്‍ ജിഎസ്‌ടിയുടെ നിരക്കുകള്‍ നിര്‍ണയിക്കുകയും ചെയ്യുന്ന കാര്യവും പരിഗണനാര്‍ഹമാണ്. സാമ്പത്തിക വളര്‍ച്ചയെയും വികസനത്തെയും ത്വരിതപ്പെടുത്തുക എന്നതും ജിഎസ്‌ടി വരുമാന വര്‍ധനവിന് സഹായകമായിരിക്കും. വികസനം ത്വരിതഗതിയിലായാല്‍ മാത്രമേ പുതിയ തൊഴിലുകളും പുതിയ വരുമാന മാര്‍ഗങ്ങളും സൃഷ്ടിക്കാന്‍ കഴിയൂ. അതുവഴി സ്വകാര്യ ഉപഭോഗം വര്‍ധിക്കുന്നതോടൊപ്പം സ്വകാര്യ നിക്ഷേപവര്‍ധനവും നടക്കും.
ജിഎസ്‌ടി നഷ്ടപരിഹാര സെസ് — കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ടിവന്ന കടബാധ്യതയ്ക്ക് പകരം നിലവിലിരുന്ന പ്രത്യേക സഹായം മൊത്തം 1.44 ലക്ഷം കോടിയോളം — തുടര്‍ന്നുള്ള കാലയളവില്‍ ലഭ്യമാക്കാന്‍ സാധ്യത കാണുന്നില്ല. 2026 മാര്‍ച്ചിനുശേഷം ഈ വരുമാന മാര്‍ഗം അടഞ്ഞുപോവും. നിലവിലുള്ള നികുതി വരുമാന മാര്‍ഗങ്ങള്‍ക്ക് പുറമെ പുകയില, പുകയില ഉല്പന്നങ്ങള്‍ തുടങ്ങിയവയ്ക്കും സങ്കര (ഹെെബ്രിഡ്) വിഭാഗത്തില്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കും മേല്‍ 40 ശതമാനം അധിക നികുതി എന്ന നിര്‍ദേശങ്ങളും ആശാസ്യമോ, പ്രായോഗികമോ ആയിരിക്കില്ല.
ഇതൊക്കെ ഒരു പരിധിവരെ ശരിയാണെന്ന് സമ്മതിക്കുമ്പോള്‍ത്തന്നെ, രാജ്യത്തിന് മുന്നില്‍ ഇപ്പോള്‍ തുറന്നുകിടക്കുന്ന ഏക അധിക പരോക്ഷനികുതി വരുമാന മാര്‍ഗം ജിഎസ്‌ടി പരിഷ്കാരം മാത്രമാണ്. കോര്‍പറേറ്റ് നികുതി വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെങ്കിലും മോഡി സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല നയം നിലവിലിരിക്കുന്നിടത്തോളം ഈ സാധ്യത ഒട്ടുംതന്നെ നിലവില്‍ വരില്ല.

Exit mobile version