Site icon Janayugom Online

ആവര്‍ത്തിക്കപ്പെടുന്ന ചില ചോദ്യങ്ങള്‍

രാജ്യത്ത് അഴിമതിരഹിത സർക്കാർ സാധ്യമാണോ? ജാതി ഉച്ചനീചത്വങ്ങളില്ലാത്ത ഒരു സമൂഹം ഉണ്ടാകുമോ? സ്ത്രീധന രഹിത വിവാഹങ്ങൾ സംഭവിക്കുമോ? ഭീഷണിയില്ലാതെ ബീഫ് കഴിക്കാമോ? മുസ്ലിം വിരോധം ഘോഷിക്കാതെ ഹിന്ദുത്വ രാഷ്ട്രീയം ഉണ്ടാകുമോ? ഈ ചോദ്യങ്ങളുടെ ഉത്തരം അഴിമതി, സ്ത്രീധനം, ഗോമാംസം, വിദ്വേഷം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ കുരുങ്ങിക്കിടക്കുന്നു. സർക്കാർ സംവിധാനവുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ച് ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ സാമൂഹിക അഴിമതികളെക്കുറിച്ച് സംസാരം കുറവാണ്. സംസ്ഥാനവുമായി ബന്ധപ്പെട്ട അഴിമതി എന്നും വാർത്തകളിൽ ഇടംനേടുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ, എക്സൈസ് അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി മന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ)റെയ്ഡ് നടത്തി. മറ്റൊരു മന്ത്രി സത്യേന്ദർ ജെയിനിനെ കള്ളപ്പണം വെളുപ്പിച്ചു എന്ന കേസിൽ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ, ബിജെപി ഭരിക്കുന്ന കർണാടകയില്‍ സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥർക്ക് 40 ശതമാനം കമ്മീഷൻ നൽകിയതായി കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആരോപിച്ചു. കരാറുകാർ അഴിമതിക്ക് എതിരായിരുന്നില്ല, എന്നാൽ നിലവിലെ കമ്മീഷൻ “വളരെ ഉയർന്നതാണ്” എന്നതായിരുന്നു ആക്ഷേപം.

‘സ്വീകാര്യമായ’ അഴിമതിയുണ്ടോ? ഇത് മറ്റൊരു ചോദ്യമാണ്. സ്വീകാര്യമായ അഴിമതിയുടെ പരിധി എന്താണ്? സ്വീകാര്യമായ അക്രമ രാഷ്ട്രീയത്തിന്റെ ഗ്രാഫ് എവിടം വരെയാകാം? ഏത് തരത്തിലുള്ള തൊട്ടുകൂടായ്മയാണ് സ്വീകാര്യമായത്? ആത്മീയ ശുദ്ധീകരണം എന്ന വാഗ്ധോരണിയും സാമ്പത്തിക അഴിമതിയും കലര്‍ന്ന ബിജെപിയുടെ പുതിയ അഴിമതി മാതൃകയാണ് വര്‍ത്തമാന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കാതൽ. മതത്തെ ചുറ്റിപ്പറ്റിയുള്ള പുരാതന ആശയങ്ങളുടെ മൂല്യവൽക്കരണവും അഴിമതിയും ഒരേസമയം ഇവിടെ അംഗീകരിക്കപ്പെടുന്നു. താഴെത്തട്ടിലുള്ള നേതാക്കള്‍ അഴിമതി വളർത്തുകയും അതില്‍ വേരുറപ്പിക്കുകയും ചെയ്യുന്ന പരിചിതമായ പാർട്ടി ഘടനകളെയാണ് ബിജെപി പിന്തുടരുന്നത്. ധാർമ്മികവും സാമ്പത്തികവുമായ അഴിമതിയെ സാധാരണവൽക്കരിക്കുന്ന വിശേഷാധികാരമുള്ള ‘ശുദ്ധ’ ഹിന്ദുക്കളുടെ പ്രത്യയശാസ്ത്രപരമായ അഹങ്കാരമാണ് ബിജെപിയുടെ പുതിയ മാതൃക. ആം ആദ്മി പാർട്ടി അനുകരിക്കുന്ന മാതൃക കൂടിയാണിത്. ബി ആർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ചതിന്റെ ആഘോഷ റാലിയിൽ പങ്കെടുത്തതിന് മന്ത്രി രാജേന്ദ്ര ഗൗതം രാജിവച്ചത് ഇതുമായി കൂട്ടിവായിക്കാം. ദുഷിച്ച ധാർമികതയെ ആഘോഷിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുമ്പോള്‍ ഊർജസ്വലമായ ഒരു നടപടിക്രമ ജനാധിപത്യം രാജ്യത്ത് അന്യമായിത്തന്നെ തുടരും.

Exit mobile version