Site iconSite icon Janayugom Online

ആഹാര ക്രമീകരണത്തിലൂടെ കരള്‍ സംരക്ഷണം സാദ്ധ്യമോ?

fatty liverfatty liver

കരളില്‍ അമിതമായി കൊഴുപ്പടിയുന്നതാണ് ഫാറ്റിലിവര്‍. ഇത് ഒരു ജീവിതശൈലി രോഗമാണ്. ഇത് രണ്ടു തരത്തിലുണ്ട് — ആല്‍ക്കഹോളിക്ക് (Alco­holic) എന്നും നോണ്‍ ആല്‍ക്കഹോളിക്ക് (Non Alco­holic) എന്നും. കരളിന്റെ പ്രവത്തനം മോശമാകുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് മരണത്തിന് വരെ കാരണമാകുന്നു. അനിയന്ത്രിതമായ പ്രമേഹം (dia­betes), അമിതവണ്ണം (obe­si­ty), ഉയര്‍ന്ന കൊളസ്ട്രോള്‍ (cho­les­terol), തുടങ്ങിയവ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് (fat­ty liv­er) കാരണമാകുന്നു.

കരളിന്റെ പ്രവര്‍ത്തനം മികച്ചതായി നിലനിര്‍ത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ജീവിതശൈലികളും പിന്തുടരേണ്ടതാണ്. ഫാറ്റി ലിവര്‍ മാറാനുള്ള പ്രധാന മാര്‍ഗ്ഗം അമിതവണ്ണം കുറയ്ക്കുക എന്നതാണ്. കൃത്യമായ വ്യായാമവും ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണശീലങ്ങളും സ്വീകരിക്കുക. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ (എണ്ണയില്‍ വറുത്തു പൊരിച്ച ആഹാരങ്ങള്‍, ചുവന്ന ഇറച്ചികള്‍, പ്രൊസസ്ഡ് മീറ്റ്, ബേക്കറി പലഹാരങ്ങള്‍) എന്നിവ പരിമിതമായി മാത്രം ഉപയോഗിക്കാം.

പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ കരളിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. മുട്ടവെള്ള, മല്‍സ്യം, തൊലികളഞ്ഞ കോഴി ഇറച്ചി, പയറു വര്‍ഗ്ഗങ്ങള്‍, എന്നിവ കരളിലെ കൊഴുപ്പിനെ നിയന്ത്രിച്ച് ആരോഗ്യപ്രദമാക്കുന്നു.

കാര്‍ബോഹൈഡ്രേറ്റിന്റെ (അന്നജം) അളവ് കുറയ്ക്കണം. ധാന്യവര്‍ഗ്ഗങ്ങള്‍, മധുരപലഹാരങ്ങള്‍, പഞ്ചസാര, ശീതളപാനീയങ്ങള്‍, ചോക്കലേറ്റ്, ഐസ്‌ക്രീം, എന്നിവ പരമാവധി കുറയ്ക്കുക.

നാരങ്ങ അടങ്ങിയ ആഹാരം കരളിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, എന്നിവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. അവക്കാഡോ കരളില്‍ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. വെളുത്തുള്ളി കരളിന്റെ ആരോഗ്യത്തിനു വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങള്‍ ശരീരത്തില്‍ രോഗപ്രതിരോധശേഷി കൂട്ടി കരളിലടിയുന്ന കൊഴുപ്പിനെ കുറച്ചുനിര്‍ത്താന്‍ സഹായിക്കുന്നു.

വ്യായാമം ഔഷധ തുല്യമാണ്. ദിവസേനയുള്ള ചിട്ടയായ വ്യായാമം ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തി കരളിനെ സംരക്ഷിക്കുന്നു.മദ്യപാനവും പുകവലിയും ഒഴിവാക്കുക. മദ്യപാനവുമായി ബന്ധപ്പെട്ട ഫാറ്റി ലിവര്‍ രോഗത്തെ ചികിത്സിക്കുന്നതില്‍ പ്രധാനപ്പെട്ട കാര്യം മദ്യപാനം നിര്‍ത്തുക എന്നതാണ്. ഇത്തരം കാര്യങ്ങള്‍ ഒക്കെ ശ്രദ്ധിച്ചാല്‍ ഫാറ്റി ലിവറും കരളിനെ ബാധിക്കുന്ന മറ്റു അസുഖങ്ങളും പ്രതിരോധിക്കാനും നിയന്ത്രണവിധേയമാക്കാനും സാധിക്കും.

പ്രീതി ആർ നായർ
ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

You may also like this video

Exit mobile version