Site iconSite icon Janayugom Online

ഐഎസ്എല്‍ ഫെബ്രുവരിയില്‍

നീണ്ട നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഐഎസ്എല്‍ 2025–26 സീസണ്‍ തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 14 മുതല്‍ പുതിയ സീസണ്‍ ആരംഭിക്കുമെന്ന് കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. എഐഎഫ്എഫിന്റെ അടിയന്തിര യോഗത്തിലാണ് തീരുമാനം.
ടൂർണമെന്റിന്റെ ഭാഗമായ പതിനാല് ടീമുകളും സീസണിന്റെ ഭാഗമാവുമെന്നും മന്ത്രി അറിയിച്ചു. ഹോം ആന്റ് എവേ അടിസ്ഥാനത്തിൽ സിംഗിൾ ലെഗ് ഫോർമാറ്റിലായിരിക്കും ഇത്തവണ മത്സരങ്ങൾ നടക്കുക. രണ്ടോ, മൂന്നോ വേദികളിലായിയാണ് മത്സരങ്ങള്‍. ആകെ 91 മത്സരങ്ങൾ ഈ സീസണിലുണ്ടാകും. ഫിക്സ്ചര്‍ വരും ദിനങ്ങളില്‍ പ്രഖ്യാപിക്കും.

വാണിജ്യ പങ്കാളിയായ എഫ്എസ്എഡിഎല്ലുമായുള്ള കരാർ കാലാവധി സംബന്ധിച്ച സുപ്രീം കോടതിയിലെ നിയമതടസങ്ങളെത്തുടർന്നാണ് ഇത്തവണത്തെ ഐഎസ്എൽ പാതിവഴിയിൽ നിലച്ചുപോയത്. സാധാരണയായി സെപ്റ്റംബറിലാണ് ടൂര്‍ണമെന്റ് തുടങ്ങേണ്ടത്. എന്നാല്‍ വിവിധ കാരണങ്ങള്‍ ഐഎസ്എല്‍ ആരംഭിക്കുന്നതിന് തടസമായി. വാ​ണി​ജ്യ പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​ൻ എ​ഐഎ​ഫ്എ​ഫ് ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും വി​ജ​യം ക​ണ്ടി​ല്ല. ഇതോടെ ക്ലബ്ബുകൾ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടി വരികയും തുടര്‍ന്ന് താരങ്ങൾ കൂട്ടമായി ക്ലബ്ബ് വിടുകയും ചെയ്തു. സൂപ്പർ കപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച പോർച്ചുഗീസ് താരം തിയാഗോ ആൽവസ് അടുത്തിടെ ടീം വിട്ടിരുന്നു. പിന്നാലെ നായകൻ അഡ്രിയാൻ ലൂണയും മൊറോക്കൻ മുന്നേറ്റ താരം നോഹ സദോയിയും വായ്പാടിസ്ഥാനത്തിൽ വിദേശ ക്ലബ്ബുകളിലേക്ക് മാറി. 

Exit mobile version