Site iconSite icon Janayugom Online

ഐഎസ്എല്‍ കിക്കോഫ് നാളെ

ഐഎസ്എൽ 2023 സീസണിന് കൊച്ചി ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സ്- ബംഗളൂരു എഫ്‌സി പോരാട്ടത്തോടെ തുടക്കമാവും. നാളെ രാത്രി എട്ട് മണിക്കാണ് ബ്ലാസ്റ്റേഴ്സ്- ബംഗളൂരു പോരാട്ടം. കഴിഞ്ഞ സീസണിന്റെ പ്ലേ ഓഫിലുണ്ടായ അടിയും ബ്ലാസ്റ്റേഴ്സിന്റെ ഇറങ്ങിപ്പോക്കും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അതിന് പിന്നാലെ കൊച്ചിയിൽ പകരം വീട്ടുക എന്ന ലക്ഷ്യവും മഞ്ഞപ്പടയ്ക്കുണ്ട്. എന്നാൽ പല പ്രമുഖരുടെയും അഭാവത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ തുടക്കം എന്നത് അനുകൂലികളെ പോലും ആശങ്കയിലാക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് ആക്രമണത്തിൽ വജ്രായുധമായിരുന്ന സ­ഹൽ അബ്ദുൾ സമദ് ഇത്തവണ ടീമിൽ ഇല്ലായെന്നതും എടുത്തുപറയേണ്ടതാണ്.

ബ്ലാസ്റ്റേഴ്സിന് തുടക്കം കഠിനമായിരിക്കും. ഐഎസ്എല്ലിന്റെ ആദ്യ നാല് മത്സരങ്ങളിൽ അവർക്കുവേണ്ടി തന്ത്രങ്ങൾ മെനയാൻ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഡഗ്ഗൗട്ടിൽ ഉണ്ടാവില്ല. കഴിഞ്ഞ സീസണിലെ പ്ലേഓഫിൽ ബംഗളൂരുവിന്റെ വിവാദ ഫ്രീകിക്ക് ഗോളിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളെ കളിക്കളത്തിൽ നിന്ന് പിൻവലിച്ചതിന് പരിശീലകൻ 10 മത്സര വിലക്ക് നേരിടുകയാണ്. സൂപ്പർ കപ്പിലും ഡ്യൂറന്റ് കപ്പിലുമായി ഇവാൻ ആറ് മത്സരങ്ങളിൽ പുറത്തിരുന്നു. ഇനി ഐഎസ്എല്ലിലെ ആദ്യ നാല് മത്സരങ്ങളിൽ കൂടി അദ്ദേഹം പുറത്തിരിക്കേണ്ടി വരും. 

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെട്ട കെ പി രാഹുൽ, ബ്രൈസ് മിറൻഡ എന്നിവരും തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാവില്ല. സെപ്റ്റംബർ 19ന് ചൈനയ്ക്കെതിരെയാണ് ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഇതിനിടെ പരിക്കേറ്റ് പുറത്തായിരുന്ന ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസിന്റെ മടങ്ങിവരവ് ടീമിന് ആശ്വാസം നൽകുന്നുണ്ട്. ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന് ചുക്കാൻ പിടിക്കുന്ന ഡയമന്റകോസ് പ­രിക്കിൽ നിന്ന് മോചിതനായില്ലെങ്കിലും ഐഎസ്എൽ കിക്കോഫിന് മുമ്പ് ക്യാമ്പിൽ തിരിച്ചെത്തി. എന്നാൽ താരം തുടക്കത്തിൽ കളിക്കുമോ എന്ന കാര്യം സംശയത്തിന്റെ നിഴലിലാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴിസിന്റെ ടോപ് സ്കോററായിരുന്നു ഡയമന്റകോസ്. 

ഇത്തവണ വലിയ അഴിച്ചുപണികളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. പുതിയ താരങ്ങളായി ജാപ്പനീസ് വിങ്ങർ ദെയ്സൂകി സ്കായ്, ഘാന സ്ട്രൈക്കർ ക്വാമേ പ്രൈ എന്നിവരുടെ സന്നാഹമത്സരത്തിലെ പ്രകടനവും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്നുണ്ട്. പരിചയസമ്പന്നനായ പ്രബീർ ദാസിന്റെ വരവ് പ്രതിരോധ നിരയെ ശക്തിപ്പെടുത്തും. നൗച്ച സിങ്, പ്രീതം കോട്ടാൽ എന്നിവരും ബ്ലാസ്റ്റേഴ്സിനായി പ്രതിരോധക്കോട്ട കെട്ടും. ക്വാമ പെപ്രയുടെ വരവിലൂടെ മുന്നേറ്റത്തിൽ സഹലിന്റെ വിടവ് നികത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവാൻ കല്യുഷ്നി, ഹർമൻജ്യോത് ഖബ്ര, ജെസൽ കാർനെറോ, വിക്ടർ മോംഗിൽ, ആയുഷ് അധികാരി, ഗോൾകീപ്പർ പ്രഭ്സുഖൻ ഗിൽ എന്നീ പ്രധാന താരങ്ങളും ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പമില്ല. 

ക്യാപ്റ്റൻ സുനിൽ ഛേത്രിയില്ലാതെയാവും ബംഗളൂരുവിന്റെ തുടക്കം. ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യയെ നയിക്കുന്നത് ഛേത്രിയാണ്. ഇതോടെ കഴിഞ്ഞ സീസണിൽ പ്ലേഓഫ് എലിമിനേറ്ററിൽ ക്വിക്ക് ഫ്രീകിക്ക് ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കണ്ണിലെ കരടായി മാറിയ ഛേത്രി കൊച്ചിയിൽ കിക്കോഫ് ചെയ്യില്ല. ഇന്ത്യയുടെ ഗോളടിയന്ത്രം തന്നെയാകും ഇത്തവണയും ബംഗളൂരുവിന്റെ മുതൽകൂട്ട്. ആദ്യ മത്സരങ്ങളിൽ ക്യാപ്റ്റൻ മുന്നിൽ നയിക്കാനില്ലെന്ന വെല്ലുവിളിയുണ്ടാകുമെങ്കിലും സീസണിന്റെ മുന്നോട്ടുപോക്കിൽ ഛേത്രിയുടെ ചിറകിലേറിയാകും ഇത്തവണയും ബംഗളൂരുവിന്റെ മുന്നേറ്റം.

Eng­lish Summary:ISL kick off tomorrow
You may also like this video

Exit mobile version