Site iconSite icon Janayugom Online

ഐഎസ്എല്‍ നടത്തിപ്പ് ആശങ്കയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ്എല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചതായി റിപ്പോര്‍ട്ട്. 2025–26 സീസണ്‍ തല്‍ക്കാലം സാധ്യമല്ലെന്ന് ലീഗ് നടത്തിപ്പുകാരായ ഫുട്ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) ക്ലബ്ബുകളെയും അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷനെയും (എഐഎഫ്എഫ്) അറിയിച്ചു. 

റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ളതാണ് എഫ്എസ്ഡിഎല്‍. ഈ വര്‍ഷം സെപ്റ്റംബറില്‍ ഐഎസ്എല്‍ പുതിയ സീസണിലേക്ക് ക്ലബ്ബുകള്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് തീരുമാനം വന്നത്. സംപ്രേഷണാവകാശ കരാര്‍ തര്‍ക്കമാണ് ലീഗ് മാറ്റിവയ്ക്കാന്‍ കാരണമെന്നും പറയുന്നുണ്ട്. നേരത്തെ ഐഎസ്എല്‍ ഉള്‍പ്പെടുത്താതെയാണ് എഐഎഫ്­എഫ് പുതിയ സീസണ്‍ മത്സരകലണ്ടര്‍ പുറത്തിറക്കിയത്. ഇതോടെ ടൂര്‍ണമെന്റ് നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. പിന്നാലെ ലീഗ് നടത്തിപ്പുകാര്‍ കൂടി പിന്മാറുന്നതോടെ ഇന്ത്യയിലെ ഏറ്റവും വിപുലമായ ടൂര്‍ണമെന്റിനാണ് താത്കാലികമായി കര്‍ട്ടണ്‍ വീഴുന്നത്.
എഐഎഫ്എഫും ലീഗ് നടത്തിപ്പുകാരായ എഫ്എസ്ഡിഎല്ലുമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കുകയാണ്. കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് നീക്കങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. കരാറനുസരിച്ച് എഫ്എസ്ഡിഎല്‍ വര്‍ഷത്തില്‍ 50 കോടി രൂപ ഫെഡറേഷന് നല്‍കുന്നുണ്ട്. പകരമായി മത്സരങ്ങളുടെ സംപ്രേഷണം ഉള്‍പ്പെടെയുള്ള വാണിജ്യ അവകാശങ്ങള്‍ എഫ്എസ്ഡിഎല്ലിനാണ് നല്‍കുന്നത്.

2014ലാണ് ഐഎസ്എല്‍ തുടങ്ങിയത്. 2019ല്‍ ഐ ലീഗിനെ മറികടന്ന് ഐഎസ്എല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായി ഉയര്‍ത്തപ്പെട്ടു. അതേസമയം വിഷയത്തില്‍ ഐഎസ്എല്‍ അധികൃതരോ ക്ലബ്ബുകളോ, എഐഎഫ്എഫ് ഭാരവാഹികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Exit mobile version