കോടതി സമുച്ചയത്തിനു പുറത്ത് ചാവേറാക്രമണം നടത്തിയ സംഭവത്തില്‍ നിരോധിത സംഘടനയായ തെഹ്‍രീക് ഇ താലിബാന്‍ പാകിസ്ഥാനിലെ (ടിടിപി) നാല് പേര്‍ അറസ്റ്റില്‍. ഇസ്ലാമാബാദ് ജില്ലാ ജുഡീഷ്യൽ സമുച്ചയത്തിന്റെ പ്രവേശന കവാടത്തിന് സമീപം ഒരു ചാവേർ ബോംബർ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് 12 പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്റലിജൻസ് ബ്യൂറോ ഡിവിഷനും തീവ്രവാദ വിരുദ്ധ വകുപ്പും (സിടിഡി) നടത്തിയ സംയുക്ത ഓപ്പറേഷനിൽ നാല് ടിടിപി തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി സർക്കാർ അറിയിച്ചു. ഇസ്ലാമാബാദ് ബോംബാക്രമണത്തിൽ ഉൾപ്പെട്ട ചാവേർ അഫ്ഗാൻ പൗരനാണെന്ന് ഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി പറഞ്ഞിരുന്നു. ഇസ്ലാമാബാദിൽ ചാവേർ ആക്രമണം നടത്താൻ ടെലിഗ്രാം ആപ്പ് വഴി ടിടിപി കമാൻഡർ സയീദ്-ഉർ-റഹ്മാൻ എന്ന ദാദുള്ള തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് അറസ്റ്റിലായ സാജിദുള്ള ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന ഭീകരവാദ പ്രശ്‌നം പരിഹരിക്കുന്നതിന് പാകിസ്ഥാനും അഫ്ഗാൻ താലിബാനും തമ്മിലുള്ള മൂന്നാം റൗണ്ട് ചർച്ചകൾ പരാജയപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇസ്ലാമാബാദ് ആക്രമണം ഉണ്ടായത്.

